തിരുവനന്തപുരം : കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2024-25 അധ്യനവർഷത്തെ പ്രവേശനത്തിന് മെയ് 16 മുതല്‍ 25 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം. ഏകജാലകസംവിധാനം വഴി ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകും.
എസ്എസ്എല്‍സിക്ക് ശേഷം ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ ഉപരിപഠനത്തിന് ആശ്രയിക്കുന്നത് ഹയർസെക്കൻഡറി കോഴ്സാണ്. ശരാശരി 4.6 ലക്ഷത്തോളം പേർ അപേക്ഷിക്കുകയും 3.8 ലക്ഷം പേർക്ക് വരെ അലോട്ട്മെന്‍റ് നല്‍കുന്നതുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന പ്ലസ് വണ്‍ ഏകജാലക പ്രവേശനം. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വോട്ട ഒഴികെ സീറ്റിലേക്കും ഏകജാലക രീതിയിലാണ് പ്രവേശനം. മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വോട്ടകളില്‍ സ്കൂള്‍തലത്തില്‍ അപേക്ഷ സമർപ്പിക്കണം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈൻ അപേക്ഷ സമർപ്പണം മെയ് 16 മുതല്‍ 25 വരെ പ്രവേശന ഗേറ്റ് ആയ www.admission.dge.kerala.gov.in വഴി നടത്താം.
ട്രയല്‍ അലോട്ട്മെൻറ് മെയ് 29-നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും നടത്തും. *പ്രവേശന യോഗ്യത* എസ്എസ്എല്‍സി (കേരള സിലബസ്), സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്‌എസ്എല്‍സി സ്കീമുകളില്‍ പരീക്ഷ ജയിച്ചവർക്കും മറ്റ് സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍നിന്ന് എസ്എസ്എല്‍സിക്ക് തുല്യമായ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യമായ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളില്‍ പരീക്ഷയെഴുതിയവരുടെയും മാർക്കുകള്‍ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക. 2024 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. 20 വയസ്സ് കവിയാൻ പാടില്ല.
കേരളത്തില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷ ജയിച്ചവർക്ക് പ്രായപരിധിയില്‍ ആറ് മാസംവരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്. കേരളത്തിലെ പൊതുപരീക്ഷ ബോർഡില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയില്‍ ആറ് മാസംവരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ രണ്ട് വർഷംവരെ ഇളവുണ്ടാകും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.
Plusone