ഡൽഹി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധന് തിരിച്ചടി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു തേജസ്വി യാദവും സഖ്യ കക്ഷികളും ഏറെ പിന്നിലേക്ക് പോയ കാഴ്ചയാണ് ബിഹാറിൽ കാണാൻ കഴിഞ്ഞത്. നേട്ടമുണ്ടാക്കാതെ സഖ്യത്തിലെ എല്ലാ കക്ഷികളും തകർന്നടിയുകയാണ്. വോട്ട് ചോരിയും വോട്ടർ അധികാർ യാത്രയും ഫലം കണ്ടില്ല. ആർജെഡിയുടെ കരുത്തും തേജസ്വിയുടെ ഊർജവും മഹാഗഡ്ബന്ധന് തിരഞ്ഞെടുപ്പ് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും വോട്ടെണ്ണൽ തുടങ്ങിയത് മുതൽ എൻഡിഎയുടെ മുന്നേറ്റമാണ് നടക്കുന്നത്.
തേജസ്വി യാദവ് യുവ വോട്ടർമാർക്കിടയിൽ സ്വാധീനം ഉണ്ടാക്കുമെന്ന പ്രതീക്ഷയും മങ്ങിയതോടെ മഹാ സഖ്യം ബിഹാറിൽ തകർന്നടിയുകയായിരുന്നു. ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഎം, സിപിഐ(എംഎൽ), മുകേഷ് സാഹ്നിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി, ഇന്ദ്രജീത് പ്രസാദ് ഗുപ്തയുടെ ഇന്ത്യൻ ഇൻക്ലുസീവ് പാർട്ടി എന്നിവരായിരുന്നു മഹാഗഡ്ബന്ധനിലുണ്ടായിരുന്നത്. എന്നാൽ മഹാഡഗഡ്ബന്ധനിൽ രണ്ടക്കം കണ്ടത് ആർജെഡി മാത്രമാണ്.
വോട്ട് ബാങ്കിൽ പ്രതീക്ഷ അർപ്പിച്ചിരുന്നങ്കിലും മഹാസഖ്യത്തിന് അത് അനുകൂലമായെത്തിയില്ല. സ്വാധീന മേഖലകൾപ്പുറത്തേക്ക് ആർജെഡിയുടെ സംഘടനാശക്തി ദുർബലമായതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. കൂടാതെ സഖ്യകക്ഷികൾ പരസ്പരം മത്സരിച്ചതും വിനയായി. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച് കേവലം 19 സീറ്റിലാണ് കോൺഗ്രസിന് ജയിക്കാനായത്. ഇത്തവണ അഞ്ചു സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങിക്കൂടി. കഴിഞ്ഞതവണ 75 ആർജെഡി ഇത്തവണ 34 സീറ്റുകളിലേക്കും ഒതുങ്ങി.
രണ്ട് ഘട്ടങ്ങളായി നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് ആണ് നടന്നത്. ആദ്യഘട്ടത്തിൽ കണ്ട റെക്കോർഡ് പോളിംഗ് രണ്ടാം ഘട്ടത്തിലും ആവർത്തിക്കുന്നതാണ് കണ്ടത്. ആദ്യ ഘട്ടത്തിൽ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രണ്ടാം ഘട്ടത്തിൽ 69.20 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലകളിൽ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ കാരണം. സ്ത്രീ വോട്ടർമാർ ഇത്തവണയും വോട്ടെടുപ്പിൽ സജീവമായി പങ്കെടുത്തു.
Biharelection





































