ന്യു ഡൽഹി: സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ വിശദീകരണവുമായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഒരു നിർബന്ധവും ഇല്ലെന്നും ഫോണുകളിൽ നിന്ന് അവ ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും സിന്ധ്യ വ്യക്തമാക്കി. ആപ്പ് അടിച്ചേല്പിക്കുകയല്ലെന്നും അവ നിലനിർത്തണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കും എന്നും മന്ത്രി പറഞ്ഞു.വലിയ പ്രതിഷേധമാണ് മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ ഉയർന്നുവന്നത്. പ്രതിപക്ഷ നേതാക്കളിൽ പലരും ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾ വിമർശിച്ചത്. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിത് എന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കും എന്നും കെ സി വേണുഗോപാൽ പറഞ്ഞു. പെഗാസസ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് സഞ്ചാർ സാഥി ആപ്പ് എല്ലാ ഫോണുകളിലും പ്രീ ഇൻസ്റ്റോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്. മൂന്ന് മാസത്തിനകം നടപ്പാക്കാനായിരുന്നു ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. ആപ്പിൾ, സാംസങ്, വിവോ, ഓപ്പോ. ഷവോമി എന്നീ കമ്പനികൾക്കാന നിർദേശം ലഭിച്ചത്. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് ഈ ആപ്പ് എന്നതാണ് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.
Sanjarsadhiaap







































