തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.
തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ താരങ്ങളും നടിയെ ആക്രമിച്ച സംഭവത്തിലെ വിധിയെ സംബന്ധിച്ച് ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങളും ഇന്ന് ഏറെ ശ്രദ്ധേയമായി. നടനും എംഎല്‍എയുമായ എം മുകേഷ്, നടന്‍ ആസിഫ് അലി, നടനും സംവിധായകനുമായ ലാല്‍, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. ഏത് തിരക്കിനിടയിലും തിരഞ്ഞെടുപ്പുകളില്‍ കൃത്യമായി വോട്ട് രേഖപ്പെടുത്താറുള്ള മമ്മൂട്ടിയ്ക്ക് പക്ഷേ ഇത്തവണ വോട്ടില്ലായിരുന്നു.
Thadesaelection







































