തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായ പശ്ചാത്തലത്തില്‍ നിയമാവലികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സംഘടനകള്‍ക്ക് തിരിച്ചെടുക്കേണ്ടി വന്നേക്കുമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ല്യുസിസി അടക്കമുള്ളവര്‍ക്ക് നിരാശയുണ്ടാകാം. എപ്പോഴും അവര്‍ ആഗ്രഹിച്ച ശിക്ഷ കിട്ടാത്ത ഭാഗത്തിന് സ്വാഭാവികമായും പരിഭവവും പ്രതിഷേധവുമുണ്ടാകുമെന്നും താന്‍ കോടതിയെ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
കേസില്‍ കോടതി കണ്ടെത്തുന്ന സത്യമാണ് സത്യമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. കോടതിയില്‍ നിന്ന് ലഭിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടാണോ മറ്റാരെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നതെന്ന് അറിയില്ല. ജുഡീഷ്യറി പോലും സംശയിക്കപ്പെടുന്ന സ്ഥിതി കേസില്‍ ഉണ്ടായല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോടതികള്‍ മാത്രമല്ല ഈ കേസില്‍ മാധ്യമങ്ങളും സംശയ നിഴലില്‍ ആണെന്ന് രഞ്ജി പണിക്കര്‍ മറുപടി പറഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അത് ഹൈക്കോടതിയ്ക്ക് പ്രസക്തമെന്ന് തോന്നിയാല്‍ ഹൈക്കോടതി നിലപാടെടുത്തേനെയെന്നും കോടതിയ്ക്ക് പ്രസക്തമായിട്ട് തോന്നാത്തതിനെക്കുറിച്ച് പറയാന്‍ ആളല്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നേരെ അതിരൂക്ഷ വിമര്‍ശനമാണ് രഞ്ജി പണിക്കര്‍ ഉന്നയിച്ചത്. മാധ്യമങ്ങള്‍ കെട്ടിപ്പൊക്കുന്ന കഥകളുണ്ട്. അതിനെ സംരക്ഷിക്കാന്‍ നിങ്ങള്‍ എന്തും ചെയ്യും. ഇപ്പോള്‍ കുറ്റവാളികള്‍ തന്നെയല്ലേ ശിക്ഷിക്കപ്പെട്ടത്, പുറത്തുനിന്ന് ആരുമല്ലല്ലോ എന്നും നിങ്ങള്‍ക്ക് വിധിയില്‍ നിരാശയുണ്ടല്ലേ എന്നും രഞ്ജി പണിക്കര്‍ ചോദിച്ചു. താന്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ ദിലീപിന് താന്‍ ഇരയാക്കപ്പെട്ടതായി വിചാരിക്കാനും പ്രതികരിക്കാനുമാകുമല്ലോ എന്നും അതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Renjipanikkar






































