---
title: "ജാതി അധിക്ഷേപം; 'ഖർഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാൻ പ്രധാനമന്ത്രി നിർദേശം നൽകണം'; രാഹുൽ ഗാന്ധി"
english_title: "Rahul Gandhi Demands Action Kharge Caste Insult Haldwani Shuddhikaran Row"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380344/rahul-gandhi-demands-action-kharge-caste-insult-shuddhikaran-row"
published_at: "2026-08-29T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92ab0273f02_1000231287.jpg"
keywords: ["Rahul Gandhi", "Mallikarjun Kharge", "Caste Discrimination", "Haldwani Ramlila Maidan"]
---

# ജാതി അധിക്ഷേപം; 'ഖർഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാൻ പ്രധാനമന്ത്രി നിർദേശം നൽകണം'; രാഹുൽ ഗാന്ധി

> **Lead Summary:** **ഡൽഹി: **രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേരിട്ട ജാതി അധിക്ഷേപത്തിൽ നടപടിയെടുക്കാൻ പ്രധാനമന്ത്രി നിർദേശം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

## Article Content

**ഡൽഹി: **രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേരിട്ട ജാതി അധിക്ഷേപത്തിൽ നടപടിയെടുക്കാൻ പ്രധാനമന്ത്രി നിർദേശം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഖർഗെക്കെതിരായ അധിക്ഷേപത്തിൽ 20 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും എടുത്തില്ല. സ്കൂളിലും ചായക്കടയിലും ദളിത് വിദ്യാർത്ഥികൾ വിവേചനം നേരിടുന്നുവെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

അയിത്തത്തിന്റെ മറ്റൊരു പേരെന്നാണ് പ്രസംഗവേദിയിലെ ശുദ്ധീകരണത്തെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. അത്തരത്തിലുള്ള പ്രവൃത്തി ഭരണഘടന പ്രകാരം കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആശയധാരയും ബിജെപി, ആർഎസ്എസ് എന്നിവയുടെ ആശയധാരയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

> “രാജസ്ഥാനിലെ ഞങ്ങളുടെ നേതാവ് ഒരു ക്ഷേത്രം സന്ദർശിക്കുന്നു. ബിജെപി നേതാക്കൾ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തുന്നു. രാജ്യത്തിനും ഭരണഘടനയ്ക്കുമായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രസംഗിക്കാനായി ഹൽദ്വാനിയിലെ രാംലീല മൈതാനത്തെത്തുന്നു. അവിടെയും ശുദ്ധീകരണ ചടങ്ങ് നടത്തപ്പെടുന്നു. ആരാണ് ഇത് ചെയ്തത്? ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമുള്ളവരാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം ഇതൊരു കുറ്റകൃത്യമാണ്, അതായത് ക്രിമിനൽ സ്വഭാവമുള്ള പ്രവൃത്തിയാണ്. ‘ശുദ്ധീകരണം’ എന്നത് യഥാർത്ഥത്തിൽ അയിത്തത്തിന്റെ മറ്റൊരു പേര് മാത്രമാണ്. അയിത്തം നിയമവിരുദ്ധവും. എന്നിട്ടും ബിജെപിക്കാർ അത് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് ഹൽദ്വാനിയിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നാണ് ഖർഗെ പറഞ്ഞത്. താൻ ദളിതനായതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. എന്നാൽ, വേദി ശുദ്ധീകരിച്ചത് ശ്രീരാം സേന എന്ന സംഘടനയാണെന്നും ഇതുമായി ബിജെപിക്ക് ബന്ധമില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380344/rahul-gandhi-demands-action-kharge-caste-insult-shuddhikaran-row)