കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിൽ 14 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂരിൽ അഞ്ചിടത്താണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ 6 സ്ഥാനാർത്ഥികളും മലപ്പട്ടം ഗ്രാമ പഞ്ചായത്തില്‍ മൂന്ന് പേരും എതിരാളികളില്ലാതെ വിജയിച്ചു. 14 പേരും സി പി എമ്മിന്റെ സ്ഥാനാര്ഥികളാണ്. തര്‍ക്കത്തെ തുടര്‍ന്ന് ഇന്നേക്ക് മാറ്റിവച്ചിരുന്ന അഞ്ച് പത്രികകളാണ് ആന്തൂര്‍ നഗരസഭയില്‍വെച്ച് ഇന്ന് പുനഃപരിശോധിച്ചത്. ഇതില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചപ്പോള്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. ഒരു സ്ഥാനാര്‍ത്ഥി നേരിട്ടെത്തി പത്രിക പിന്‍വലിച്ചു. ഇതോടെ, ആന്തൂര്‍ നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചു.
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. തര്‍ക്കമുന്നയിച്ച തളിവയലില്‍, കോള്‍മൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ചു. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് ആരോപിച്ച ഇരുപത്തിയാറാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയും ചെയ്തു. 29 ഡിവിഷനുകളില്‍ ആകെ അഞ്ചിടത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ ധര്‍മ്മശാല ടൗണില്‍ എല്‍ഡിഎഫ് ആഹ്ളാദപ്രകടനം നടത്തി.
14 people won unopposed in Kannur





































