എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.“എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’ എന്നാണ് പാര്‍വതി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. ‘ദെെവമുണ്ടെങ്കില്‍, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കില്‍ നാളെ അത് തെളിയിക്കപ്പെടും’ എന്നായിരുന്നു കഴിഞ്ഞ ദിവസം പാര്‍വതി കുറിച്ചത്. അതിജീവിതയ്ക്കൊപ്പമാണെന്ന് നടി റിമാ കല്ലിങ്കലടക്കമുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
Parvathithiruvoth

















.jpeg)





















