കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി ചില അക്രമിസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. പല സ്ഥലത്തും ഇതെല്ലാം പൊലീസ് നോക്കിനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് പൊട്ടി കൈ പോയതിന് പടക്കം പൊട്ടി എന്നാണ് പൊലീസ് പറയുന്നത്.സ്വന്തം നാട്ടിൽ, സ്വന്തം പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. പൊലീസിനെ പരിഹാസപാത്രമാക്കുകയാണ്. ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധിയുടെ പ്രതിമ തല്ലി തകർക്കുന്നു, ഇന്ദിര ഗാന്ധിയുടെ പ്രതിമ വികൃതമാക്കി. എത്ര ഹീനമായാണ് സിപിഐഎം തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികാരം ചെയ്യുന്നത്. ശക്തമായ പ്രതികരണം ഞങ്ങളിൽനിന്നുണ്ടാകും. ഞങ്ങളുടെ പ്രവർത്തകരെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ പറഞ്ഞു.
പാരഡി ഗാനം പാടുന്നത് കേരളത്തിൽ ആദ്യമായാണോ എന്ന് ചോദിച്ച സതീശൻ, ഇതേ അയ്യപ്പ ഭക്തിഗാനം കൊണ്ട് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 11 വർഷം മുമ്പാണ് ഇതേ ഗാനം വെച്ച് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയത്. കെ കരുണാകരൻ വാഹനത്തില്‍ പോകുന്നതിനെ കളിയാക്കിയാണ് ആ പാട്ട് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പാരഡി ഗാനം കേരളത്തിൽ ആദ്യമായല്ല. ഗാനം പാടിയവർക്കെതിരെയും നിർമിച്ചവർക്കെതിരെയും കേസ് എടുക്കുമെന്ന് കേൾക്കുന്നു. ബിജെപിക്കാൾ ഇതിനേക്കാൾ ഭേദമാണല്ലോ. എന്തേ ഇപ്പോൾ ഇത്രമാത്രം നൊന്തുവെന്നും സതീശൻ പരിഹസിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പരാമർശത്തിൽ കടകംപള്ളി സുരേന്ദ്രൻ എന്തിനാണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹത്തെ പറ്റി പറഞ്ഞതിലെല്ലാം ഉറച്ചുനിൽക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
Vdsatheesan






































