#BESS Project #Sreekandapuram #Sunny Joseph #KSEB
കണ്ണൂർ: പകൽ സൗരോർജ്ജം സംഭരിച്ച് രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന്റെ ശ്രീകണ്ഠപുരം പദ്ധതി പ്രദേശം വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് സന്ദർശിച്ചു. പദ്ധതിയുടെ പ്രവൃത്തി പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തി.
പദ്ധതി നടപ്പാക്കുന്ന എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് അധികൃതർ നൽകിയ വിവരം അനുസരിച്ച് ഇപ്പോൾ നടക്കുന്ന സിവിൽ പ്രവൃത്തികൾ 20 ശതമാനം പൂർത്തിയായി. സെപ്റ്റംബറോടെ സിവിൽ പ്രവൃത്തികൾ പൂർണമായും പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഇതിന് ശേഷം ഉപകരണങ്ങൾ സ്ഥാപിച്ച് ഒന്നര മാസത്തിനുള്ളിൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി ഡിസംബർ ആദ്യ വാരം പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.
40 മെഗാവാട്ട്/160 എം.ഡബ്ല്യു.എച്ച് ശേഷിയുള്ളതാണ് ശ്രീകണ്ഠപുരം ബെസ് പദ്ധതി. ശ്രീകണ്ഠപുരത്തെ കെ.എസ്.ഇ.ബി സബ്സ്റ്റേഷനോട് അനുബന്ധിച്ചുള്ള ഭൂമിയിലാണ് പദ്ധതി ഒരുങ്ങുന്നത്.
രാത്രി 4 മണിക്കൂർ നേരം ഈ പദ്ധതിയിൽ നിന്ന് വൈദ്യുതി വിതരണം ചെയ്യും. സർക്കാർ ഭൂമി മാത്രം നൽകി സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ സർക്കാറിന് യൂണിറ്റിന് 7 രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരികയുള്ളൂ.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി വരുന്നത്. കാസർകോട് മൈലാട്ടിയിൽ 125 മെഗാവാട്ട്/500 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള കേരളത്തിലെ ഏറ്റവും വലിയ ബെസ് പദ്ധതിയും, മുള്ളേരിയയിൽ 15 മെഗാവാട്ട്/60 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള മറ്റൊരു പദ്ധതിയും നിർമാണ ഘട്ടത്തിലാണ്.
മന്ത്രിയോടൊപ്പം അഡ്വ. സജീവ് ജോസഫ് എം.എൽ.എ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഇ.വി രാമകൃഷ്ണൻ, എൻ.ടി.പി.സി ജി.എം അജയ് സെഹ്ഗാൾ, കെ.എസ്.ഇ.ബി ഡയറക്ടർ രാജൻ എം.പി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Content Highlight: Sreekandapuram BESS Project to Commission in December, Minister Sunny Joseph Reviews Progress





































