ഇരിട്ടി: ബാരപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാൽ തകർച്ച പരിഹരിക്കുന്നതിന് വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്നും ജനങ്ങളുടെ ജീവന് പ്രാധാന്യം നൽകികൊണ്ട് അപകടരഹിത പദ്ധതിയാക്കി മാറ്റുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷണൻക്കുട്ടി പറഞ്ഞു.
കനാലിന്റെ തകർന്ന ഭാഗവും പദ്ധതി പ്രദേശവും കനാലിന്റെ ആരംഭവും കണ്ടു മനസിലാക്കിയ മന്ത്രി ജനങ്ങൾക്ക് ആശങ്കയില്ലാത്ത വിധം പദ്ധതിയെ മാറ്റാൻ വേണ പ്രപ്പോസൽ സമർപ്പിക്കാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. രണ്ട് കിലോമീറ്ററോളം കനാൽകരയിലൂടെ നടന്ന് പരിശോധിച്ച ശേഷമാണ് മന്ത്രി പ്രദേശത്തെ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയത്. നാല് കിലോമീറ്റർ കനാലിൽ 1.4 കി.മി. ഭാഗമാണ് അപകടമേഖലയായി കണ്ടെത്തിയത്. ഈ ഭാഗം മുഴുവനായും പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. കനാലിൻ്റെ പൂർണ്ണ സുരക്ഷ ഉറപ്പാക്കാതെ ഉൽപാദനം നടത്താൻ അനുവദിക്കില്ലെന്ന് സ്ത്രീകൾ ഉൾപ്പടെയുള്ളവർ മന്ത്രിയോട് പറഞ്ഞു. എത്ര നഷ്ടപരിഹാരം നൽകിയാലും നികത്താൻ കഴിയാത്തതാണ് ഒരു ജീവന്റെ വിലയെന്നും അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ പറ്റാവുന്നത് ചെയ്യാനാണ് എൻറെ സന്ദർശനമെന്നും മന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. അപകടാവസ്‌ഥയിലുള്ള 1.4 കി.മി. കനാലിന് പകരം പൈപ്പ് വഴി ജലം എത്തിക്കാനുള്ള ശ്രമം ആലോചിച്ചു കൂടെയെന്ന് മന്ത്രി ഉദ്യേഗസ്‌ഥരോട് ആരാഞ്ഞു. നിലവിലുള്ള രീതിയിലെ പൂർണ്ണ ഉൽപ്പാദനക്ഷമത കൈവരിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ മാന്ത്രിയെ ധരിപ്പിച്ചു.

എല്ലാ കാര്യവും വിശദമായി പരിശോധിച്ച് വൈദ്യുതി ബോഡിന് അമിത ചെലവ് വരാത്തതും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ പദ്ധതികൾ തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. കനാലിന്റെ ചോർച്ച കാരണം അപകടാവസ്ഥയിൽ ആയ കുറ്റിയാനിക്കൽ ബിനോയിയുടെ വീട്ടിലും മന്ത്രി സന്ദർശിച്ചു .രണ്ടുവർഷമായി ബിനോയിയുടെ കുടുംബത്തെ ഇവിടെനിന്നും മാറ്റിപാർപ്പിച്ചിരിക്കുകയാണ് .
മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പി.വി. കൃഷ്‌ണദാസ്, കെഎസ്ഇബി കോഴിക്കോട് ജനറേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം. സലീന, ബാരാപോൾ അസിസ്‌റ്റൻ്റ് എൻജിനീയർ പി.എസ്. യദുലാൽ, സിവിൽ വിഭാഗം (പഴശ്ശി) എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി. അനിൽകുമാർ, അസിസ്‌റ്റൻ്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എം.കെ. അജിത്ത്, അസിസ്‌റ്റൻറ് എൻജിനീയർമാരായ ടി.പി. മനോജ്, എം. കിഷോർ, തുഷാര, എം.സി. ബിന്ദു, സബ് എൻജിനീയർ എം.ടി. സനൂപ്‌ദാസ്, അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, ഷൈനി വർഗീസ്, സെലീന ബിനോയി, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി പി.പി. ദിവാകരൻ, ജില്ലാ പ്രസിഡൻ്റ് കെ.മനോജ്, ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ് ഉളിക്കൽ, രാഗേഷ് മന്ദബേത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Iritty