കൊച്ചി: സെൻസർ ബോർഡിന്റെ ‘പേര് മാറ്റം’ ആവശ്യത്തോടെ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു.
സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സിനിമ കാണാമെന്ന് ജഡ്ജി വ്യക്തമാക്കി. സിനിമ സ്റ്റുഡിയോയില്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച 10 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്ന് കോടതി മറുപടി നൽകി.
എന്തുകൊണ്ടാണ് ജാനകി എന്ന പേര് മാറ്റാൻ ആവശ്യപ്പെട്ടതെന്നും കൃത്യമായ മറുപടി വേണമെന്നും സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം കേന്ദ്ര സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ജാനകി എന്ന പേര് ഒരു പ്രത്യേക മത വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് സെൻസർ ബോർഡ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇതോടെ സിനിമാച്ചട്ടങ്ങളിലെ ഏതു വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റീസ് നഗരേഷ് നിർദേശിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ ഹർജിയിൽ അനാവശ്യമായി സമയം നീട്ടി അനുവദിക്കാന്‍ സാധിക്കില്ലെന്നും പുതിയ ഹര്‍ജിയില്‍ സമയം തരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Jskmovie