തിരുവനന്തപുരം: സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ. ആശാവർക്കർമാരുടെഓണറേറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആശാവർക്കർമാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിദഗ്ദ സമിതി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. കേന്ദ്ര നിയമപ്രകാരം നിലവില്‍ 50,000 രൂപയാണ് വിരമിക്കല്‍ ആനുകൂല്യം. ഇത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാവർക്കർമാരുടെ സമരം ഇന്ന് 200ാം ദിവസത്തിലേക്കെത്തിയിരിക്കുകയാണ്. സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ ചില ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കായി ഇപ്പോഴും സമരം തുടരുകയാണ്. ഫെബ്രുവരി 10 നാണ് കേരള ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവർക്കർമാരുടെ രാപ്പകല്‍ സമരം ആരംഭിച്ചത്.

thiruvananthapuram