കൊച്ചി : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിന് അനുമതി തേടിയെന്നു വിജിലൻസ്. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്‍യു നേതാവ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയില്‍ ഹൈക്കോടതി വിജിലൻസിന്റെ മറുപടി തേടിയിരുന്നു.
തുടർന്നാണ് ഹൈക്കോടതിയില്‍ വിജിലൻസ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് അനുമതി തേടിയതിലെ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കി. കേസ് സെപ്റ്റംബർ 18ന് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ദിവ്യ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നാണ് കെഎസ്‍യു നേതാവിന്റെ ആരോപണം. ബെനാമി സ്വത്ത് ഇടപാടുകൾ അടക്കം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു എന്ന് ഹർജിയിൽ പറയുന്നു.

thiruvananthapuram