കണ്ണപുരം: ഓഗസ്റ്റ് 30-ന് പുലർച്ചെ കണ്ണപുരം കീഴറയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിലെ അഞ്ചാം പ്രതിയെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ അനൂപ് മാലിക്ക്, അനീഷ്, റാഹിൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവരുടെ മൊഴികളും മൊബൈൽ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ആസ്പദമാക്കിയാണ് സ്വാമിനാഥന്റെ അറസ്റ്റിലേക്കുള്ള വഴി തുറന്നത്.

2025 ആഗസ്റ്റ് 30-ന് പുലർച്ചെ 1:50ന് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടിൽ സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ആ വീടിനും സമീപവാസികളുടെയും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ഒരു വ്യക്തി അപകടത്തിൽപ്പെട്ടു മരിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഊർജിതമായി നടക്കുകയാണ്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസ്.യുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് കണ്ണൂർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ കണ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ. മഹേഷ്, സി.പി.ഒ. അനൂപ്, സി.പി.ഒ. റിജേഷ് കുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു.
Arrested