അടിമാലി : അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ കൈകഴുകി ദേശീയപാതാ അതോറിറ്റി. മണ്ണിടിച്ചിലുണ്ടായ അടിമാലി കൂമ്പൻപാറയിൽ ഒരു നിർമ്മാണവും നടന്നിരുന്നില്ലെന്നാണ് ദേശിയ പാതാ അതോറിറ്റിയുടെ വിശദീകരണം. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴെന്നും ദേശിയ പാതാ അതോറിറ്റി ആരോപിച്ചു.
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു. മുൻകരുതലിന്റെ ഭാഗമായി, ഈ പ്രദേശത്തു കൂടിയുള്ള ഗതാഗതവും ശനിയാഴ്ച രാവിലെ 10 മണി മുതൽ നിർത്തിവച്ചിരുന്നു. നിലവിൽ, അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ ദേശീയപാതാ അതോറിറ്റി പറയുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ഏകോപിപ്പിച്ച് ദേശീയപാതാ അതോറിറ്റി മണ്ണിടിച്ചിലിന്റെ ആഘാതം കുറയ്ക്കുന്നതിനായി നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഈ മുൻകരുതൽ നടപടികൾ നാശനഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സ്ഥലത്ത് ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണം തുടരുകയാണ്. പ്രദേശത്തെ സാഹചര്യം പൂർണ്ണമായും സാധാരണ നിലയിലാകുന്നതിനായി ജില്ലാ ഭരണകൂടം, എം.പി, എം.എൽ.എ, പ്രാദേശിക ഭരണകൂടം, പ്രദേശത്തെ നിവാസികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.
Asimalilandslide






































