കൊച്ചി: 2026-ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സൗദി ഫോറത്തില്‍ വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനല്‍ രംഗത്ത് നിന്ന് റിട്ടയര്‍ ചെയ്യാനുള്ള തീരുമാനം തുറന്നു പറയുകയായിരുന്നു.
നിലവില്‍ 40 കാരനായ റൊണാള്‍ഡോ, പ്രായം ഒടുവില്‍ തന്റെ വിടവാങ്ങല്‍ നിര്‍ദ്ദേശിക്കുമെന്ന് തുറന്നുപറയുകയായിരുന്നു. ”എനിക്ക് 41 വയസ്സ് തികയാന്‍ പോകുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സംഭവിക്കും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഞാന്‍ ഫുട്‌ബോളിനായി എല്ലാം നല്‍കി. തീര്‍ച്ചയായും 2026-ലേത് എന്റെ അവസാന ലോകകപ്പായിരിക്കും. ആ നിമിഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു.”-റൊണാള്‍ഡോ പറഞ്ഞു. നിലവില്‍ ലോക കപ്പിനായുള്ള യൂറോപ്യന്‍ യോഗ്യത മത്സരത്തില്‍ ഈ മാസം 14ന് ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടും ഏറ്റുമുട്ടുകയാണ്. വിജയത്തോടെ ലോകകപ്പിനായുള്ള ബര്‍ത്ത് ഉറപ്പിക്കാന്‍ പോര്‍ച്ചുഗല്ലിനായേക്കും. എന്നാല്‍ ഈ മത്സരത്തില്‍ റൊണാള്‍ഡോ കളത്തിലിറങ്ങുകയാണെങ്കില്‍ ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമെന്ന് ഉറപ്പിക്കാനാകും.
അതേ സമയം ക്ലബ്ബിലും ദേശീയ ജഴ്‌സിയിലും തിളങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന് 950 ലധികം ഗോളുകള്‍ ഉള്‍പ്പെടെ തിളക്കമുള്ള കരിയര്‍ ഉണ്ടായിട്ടും ലോകകപ്പില്‍ മുത്തമിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ ലോകകപ്പ് അതിനുള്ള അന്തിമ അവസരം കൂടിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഒരുക്കുന്നത്.
Cristianoronaldo







































