തിരുവനന്തപുരം: പേ വിഷ ബാധയ്ക്ക് എതിരായ വാക്സിനേഷന്റെ പ്രതിരോധശേഷി പരിശോധിക്കാനുള്ള, ചെലവ് കുറഞ്ഞതും വിശ്വസ്തവുമായ പുതിയ സാങ്കേതികവിദ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) വികസിപ്പിച്ചെടുത്തെടുത്തിരിക്കുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. നൂതന സാങ്കേതികവിദ്യ വഴി, വാക്സിൻ സ്വീകരിച്ച മനുഷ്യരിലും, വളർത്തു മൃഗങ്ങളിലുമുള്ള രോഗപ്രതിരോധശക്തി എത്രത്തോളമെന്ന് കണ്ടെത്താൻ സാധിക്കും. അന്താരാഷ്ട്ര ജേർണലുകളിൽ ഈ പഠനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വാക്സിനേഷന്‍ പ്രതിരോധ ശേഷി കണ്ടെത്തുന്ന നിലവിലുള്ള റാപ്പിഡ് ഫ്ലൂറസെന്റ് ഫോക്കസ് ഇൻഹിബിഷൻ ടെസ്റ്റിന് (RFFIT) 3000 രൂപയിൽ കൂടതൽ ചെലവ് വരുമ്പോൾ ഐഎവി മോളിക്യുലർ ബയോഅസെ (IAV Molecular Bioassay) ലബോറട്ടറി വഴിയുള്ള പുതിയ പരിശോധനയ്ക്ക് 500 മാത്രമാണ് ചെലവ് വരുന്നത്. സേവനം പൊതുജനങ്ങൾക്കായി ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സർക്കാർ ആരോഗ്യമേഖലയിൽ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുടെയും ഗവേഷണങ്ങൾക്കുള്ള പിന്തുണയുടെയും ഫലം കൂടിയാണ് ഇത്തരമൊരു ചരിത്ര നേട്ടമെന്ന് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
Rabies vaccination: Kerala government with new technology




































