തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ വിവാദ പരാമർശം തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി. അടൂർ പ്രകാശ് പറഞ്ഞത് പാർട്ടിയുടെയോ മുന്നണിയുടെയോ അഭിപ്രായമല്ല. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻ്റും അതിജീവിതയ്ക്കൊപ്പം ആണെന്ന് പറഞ്ഞിട്ടുണ്ട്. എപ്പോഴും അതിജീവിതയ്ക്കൊപ്പമെന്നും, അടൂർ പ്രകാശ് പ്രസ്താവന പിൻവലിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു.
പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ഒരിക്കലും വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല. വ്യക്തിപരമായ അഭിപ്രായം ഫോണിൽ വിളിച്ച് പറയാം. അത് പൊതുമധ്യത്തിൽ പറയാൻ പാടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഉടൻ മാപ്പ് പറയണമോ എന്ന് തീരുമാനിക്കേണ്ടത് അടൂർ പ്രകാശ് ആണ്. ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന സാഹചര്യത്തിൽ ഇത്തരം അഭിപ്രായങ്ങൾ പറയാൻ പാടില്ലായിരുന്നു എന്ന് അദേഹം പറഞ്ഞു.
വിഷയത്തിൽ അന്തിമമായ വിധി എത്തിയിട്ടില്ല. മുകളിലേക്ക് കോടതികളുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ കേസിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ് അതിജീവിതയ്‌ക്കൊപ്പമാണ്. അതിൽ നിന്ന് വിഭിന്നമായ അഭിപ്രായമില്ലെന്ന് അദേഹം പറഞ്ഞു. ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉയർന്ന പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂലമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Rajmohanunnithan







































