ന്യൂഡൽഹി: 'ദൈവത്തെ പോലും വെറുതെ വിട്ടില്ല' എന്ന പരാമർശവുമായി സുപ്രീം കോടതി. ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമർശം. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് നൽകിയ ഹർജിയായിരുന്നു കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിങ്കിൾ ബെഞ്ച് വിധിയിലെ അഞ്ച് പാരഗ്രാഫ് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഇടപെടാനും സുപ്രീം കോടതി വിസ്സമതിച്ചു.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, എസ്.സി. ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിനും, വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഇത്തരം പരാമർശം ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നാണ് ശങ്കരദാസ് സുപ്രിം കോടതിയിൽ അറിയിച്ചത്.
തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളിൽ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ അന്നത്തെ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കെ.പി. ശങ്കരദാസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ് കുമാറും, അഭിഭാഷകൻ എ. കാർത്തിക്കും വാദിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി ഹാജരായി.
Supreme Court remarks on the Sabarimala gold robbery







































