ഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. കറാച്ചിയിലുള്ള അമേരിക്കയുടെ കോൺസുലേറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോൺസുലേറ്റ് പ്രതിഷേധക്കാർ അടിച്ചുതകർത്തു. കോൺസുലേറ്റിലേക്ക് നിരവധി പേർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 8 പേർ കൊല്ലപ്പെട്ടു. 20 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്
കോൺസുലേറ്റിന് പുറത്തുള്ള തെരുവിൽ പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധക്കാർ കല്ലെറിഞ്ഞപ്പോൾ, അവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോൺസുലേറ്റിന്റെ ഗേറ്റഡ് കോമ്പൗണ്ടിനുള്ളിൽ നിരവധി പേർ ജനാലകളുടെയും വാതിലുകളുടെയും ഗ്ലാസുകൾ തകർത്ത് പ്രധാന കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി മറ്റൊരു വീഡിയോയിൽ കാണാം. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ കത്തിച്ചതായി പറയപ്പെടുന്നു.
അതേസമയം , ഖമനേയി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിന് പിന്നാലെ, ഇസ്രയേലിനെയും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളേയും ലക്ഷ്യമിട്ട് ഇറാന്റെ ആറാം വട്ട ആക്രമണം. ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് തുടക്കം. ടെൽ അവീവിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാന്റെ അവകാശവാദം. ബഹ്റൈൻ, ഖത്തർ, UAE, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമിച്ചെന്നും ഇറാൻ. ഇറാഖിലെ എർബിലെ അമേരിക്കൻ താവളത്തിലും ആക്രമണമുണ്ടായി. മറുപടി ഇല്ലാതെ പോകില്ലെന്നും ഖമനയിയുടെ പവിത്രമായ രക്തം അരുവി പോലെ ഒഴുകുമെന്നുമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ഓഫീസിന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നടത്തുമെന്ന് IRGCയും പ്രതികരിച്ചു. ഇറാൻ പ്രത്യാക്രമണം നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിരിച്ചടി തുടങ്ങിയാൽ താങ്ങില്ലെന്നും ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിലെ ബോംബിങ് തുടരുമെന്ന് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കി. വ്യോമാക്രണങ്ങളിൽ ഇറാൻ സംയുക്ത സൈനിക മേധാവി അബ്ദുൽ റഹീം മൂസവി ഉൾപ്പടെ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
Uaecouncilate





































