അബുദാബി: അബുദാബിയിൽ നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പേരാവൂർ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ. ബിഗ് ടിക്കറ്റിന്റെ മാർച്ച് മാസത്തിലെ മൂന്നാം വാരത്തെ ഇ-നറുക്കെടുപ്പിലാണ് മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ ഭാഗ്യശാലികളായത്. ഓരോരുത്തർക്കും 200 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് സമ്മാനമായി ലഭിച്ചത്. വിജയികളിൽ മൂന്ന് മലയാളികളെ കൂടാതെ മറ്റൊരാൾ പാകിസ്താൻ സ്വദേശിയാണ്. ഈ മാസത്തെ ബിഗ് ടിക്കറ്റ് പ്രൊമോഷന്റെ ഭാഗമായുള്ള രണ്ട് കോടി ദിർഹത്തിന്റെ ബംബർ സമ്മാന നറുക്കെടുപ്പ് 2026 ഏപ്രിൽ മൂന്നിന് നടക്കും. തത്സമയ നറുക്കെടുപ്പിലൂടെയാണ് ഈ വൻ തുകയുടെ വിജയിയെ കണ്ടെത്തുക.
200 ഗ്രാം (25 പവൻ) വിജയികളിലൊരാളായ ശരത് ബാലൻ പേരാവൂർ മണത്തണ സ്വദേശിയാണ്. ബിസിനസുകാരനായ ശരത്ത് 20 വർഷമായി കുടുംബത്തോടൊപ്പം യുഎഇയിലാണ്. വിജയികളിൽ മറ്റൊരാൾ മലയാളിയായ സുനീഷ് കൃഷ്ണനാണ്. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സുനീഷിന് ബിഗ് ടിക്കറ്റ് വിജയം ഉണ്ടാകുന്നത്. നാല് പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് സുനീഷിന് സമ്മാനം ലഭിക്കുന്നത്. മറ്റൊരു വിജയിയായ ഇബ്രാഹിം കേരളത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ആറ് സുഹൃത്തുക്കളോടൊപ്പമാണ് ഇബ്രാഹിം ടിക്കറ്റ് എടുത്തത്. നാലാമത്തെ ഭാഗ്യശാലി പാകിസ്താൻ സ്വദേശിയായ മുഹമ്മദ് അസ്ഹർ ആണ്. അബുദാബിയിൽ ഇദ്ദേഹം ഡ്രൈവറായ ഇദ്ദേഹവും തന്റെ മറ്റ് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്.
Four lucky people, including a native of Manathana, won the big ticket lottery in UAE




































