കൊച്ചി : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ ACP യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഡാൻസഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കൊച്ചിയിൽ എത്തിയാൽ ഉടൻ തന്നെ നടനെ ചോദ്യം ചെയ്യും. ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണമെന്നാണ് ഡാൻസാഫ് സംഘം നൽകിയ റിപ്പോർട്ട്. നടന്റെ തൃശൂരിലുള്ള വീട്ടിൽ നേരിട്ടെത്തി നോട്ടീസ് നൽകാനുള്ള നടപടിയും ഇതോടെ ആരംഭിച്ചു.
നടൻ എത്രയും വേഗം പൊലീസിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. അതിനായി നോട്ടീസും നൽകും. നോട്ടീസ് കൈപറ്റി 5 ദിവസത്തിനകം ഹാജരാകണം. പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത് എന്തിനാണെന്ന് താരം വിശദീകരിക്കണം. രണ്ടുകാര്യങ്ങളിലാണ് പൊലീസ് ഷൈനിൽ നിന്ന് വ്യക്തത വരുത്തുക. ലഹരി കയ്യിലുണ്ടായതുകൊണ്ടാണോ, ഉപയോഗിച്ചതുകൊണ്ടാണോ കടന്നു കളഞ്ഞതെന്ന് അറിയുകയാണു പ്രധാന ലക്ഷ്യം. നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്.
അന്വേഷണത്തോട് ഷൈൻ സഹകരിക്കുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.
അതേസമയം, ഷൈൻ ടോം ചാക്കോക്കെതിരെ നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് സിനിമ സംഘടനകൾ. നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരവത്തോടെയാണ് സിനിമാ സംഘടനകൾ നോക്കിക്കാണുന്നത്. നടനെതിരെ ഫിലിം ചേംബർ ഉടൻ നടപടി സ്വീകരിക്കും. താര സംഘടനയായ അമ്മയിൽ നിന്ന് നടനെ സസ്പെൻഡ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. ചാക്കോയുടെ വിശദീകരണം കൂടി കേട്ട ശേഷമാകും അമ്മ സംഘടന നടപടി സ്വീകരിക്കുക.
ഷൈൻ ടോം ചാക്കോയ്ക്ക് നന്നാകാൻ ഒരു അവസരം കൂടി നൽകുന്നതിന്റെ ഭാഗമായാണ് പൂർണ്ണവിലക്ക് ഏർപ്പെടുത്താത്തത്. നിലവിലുള്ള സിനിമകൾ പൂർത്തിയാക്കാൻ ഷൈനെ അനുവദിക്കുമെങ്കിലും
നടനുമായി പുതിയ കരാറിൽ ഏർപ്പെടരുത് നിർമാതാക്കൾക്ക് നിർദേശം നൽകാനാണ് സിനിമാ സംഘടനകളുടെ നീക്കം.
Shaintomchacko