തിരുവനന്തപുരം : സർക്കാർ ആഗോള അയ്യപ്പ സംഗമത്തിന് ശിവഗിരി മഠത്തിന്റെ പിന്തുണ. അയ്യപ്പ സംഗമത്തെ കുറ്റം പറയാൻ ആർക്കും അവകാശമില്ലെന്നും സംഗമത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സംഗമത്തിന്റെ ലക്ഷ്യം എന്തെന്ന് കേരളത്തിലെ പ്രബുദ്ധ ജനതക്ക് മനസ്സിലാവും. അന്നേ ദിവസം ശിവഗിരിയിൽ മറ്റ് ചടങ്ങുകൾ ഉള്ളതിനാൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് ഒരു ദിവസം മാത്രമാണ് ബാക്കി. പരിപാടിക്കായുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി വിവിധ സെഷനുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ 24 ലഭിച്ചു. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ, മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാർ,മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉൾപ്പെടെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ, സ്പിരിച്ച്ചൽ ടൂറിസം ഗ്രൗണ്ട് മാനേജ്മെന്റ് എന്നിങ്ങനെയാണ് സെഷനുകൾ.
ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി എൻ വാസുവിന്റെ നേതൃത്വത്തിൽ പമ്പയിൽ അവലോകനയോഗം ചേർന്നു. ജില്ലാ കളക്ടർ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും.10.30 ന് പമ്പ തീരത്ത് ആഗോള ഐഎഫ് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന് എത്തുന്ന ഡെലിഗേറ്റുകൾക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Ayyappasangamam