തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴയിൽ പലയിടത്തും നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. മഴ തുടർന്നതോടെ ഇടുക്കിയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. ഈ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ രക്ഷിച്ചു. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോയി. മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ 3 ഷട്ടറുകൾ തുറന്നു. കോതമംഗലത്ത് പാലത്തിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 5 ദിവസം കൂടി ശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും. സംസ്ഥാനത്ത് ഇന്നലെ മുതൽ മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലാണ് അതിശക്തമായ തുടരുന്നത്.

ഇന്ന് 9 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ചൊവ്വാഴ്ച്ച വരെ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
Thiruvanaththapuram