ചെറുപുഴ: കർഷക കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് പൂമല നയിച്ച കർഷക പ്രതിഷേധ വാഹന ജാഥയ്ക്ക് മലയോര ടൗണുകളിൽ വൻ സ്വീകണം നൽകി. ചെറുപുഴയിൽ ഡിസിസി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് പതാക ജാഥാ ക്യാപ്റ്റൻ ജോസ് പൂമലയ്ക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ കാർഷിക മേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട്, വന്യമൃഗ ആക്രമണങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കുക, പുതിയ വന നിയമ ഭേദഗതി കർഷകരെ കബളിപ്പിക്കുന്നതാണെന്നും കർഷകർക്ക് ഗുണകരമായ രീതിയിൽ ഭേദഗതി ചെയ്യുക, വന്യജീവി ആക്രമണങ്ങളിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും, കൃഷിനാശം സംഭവിച്ചവർക്കും നൽകുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക, പ്രകൃതി ദുരന്തത്തിലും കാലാവസ്ഥാവ്യതിയാനത്തിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക കൊടുത്തു തീർക്കുകയും നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുകയും ചെയ്യുക, റബ്ബറിന് 300 രൂപ തറവില നിശ്ചയിച്ച് ഇൻസൻ്റീവ് നൽകുക, കർഷക കടശ്വാസ കമ്മീഷൻ ആനുകൂല്യം എല്ലാ ബാങ്കിൽ നിന്നും എടുക്കുന്ന കടങ്ങൾക്ക് ബാധകമാക്കുക, കർഷകർക്ക് ദോഷകരമായ സർഫാസി നിയമം പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കർഷക പ്രതിഷേധ ജാഥ.
ചെറുപുഴയിൽ നടന്ന ചടങ്ങിൽ ജാഥ കോഡിനേറ്റർ എ.ജെ.തോമസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു മുഖ്യ പ്രഭാഷണം നടത്തി. പയ്യന്നൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ , മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: ടോണി ജോസഫ് , ജോസ് പറയംകുഴി, അഡ്വ: സോജൻ കുന്നേൽ, അഡ്വ: എം.ഒ. ചന്ദ്രശേഖരൻ , ജോണി മുണ്ടക്കൽ, എം.വി. ശിവദാസൻ , അബ്രാഹം കാരക്കാട്ട്, ബിജു സാമുവേൽ , ടെൻസൻ ജോർജ്ജ്, ബിനു സ്രാമ്പിക്കൽ, ജോസഫ് കട്ടക്കയം, ഐ.വി കുഞ്ഞിരാമൻ, ഗോവിന്ദൻ കരയാപ്പാത്ത്, കെ.കുമാരൻ തുടങ്ങിയവർ സംസാരിച്ചു.
farmers' protest rally