
തിരുവനന്തപുരം: റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് ഈ മൂന്ന് സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച സെമിനാറിലാണ് ഈ നിർദേശം വന്നത്.
ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാന്‍സ്പോര്‍ട്ട് ഹബിന്‍റെ സാധ്യത പരിശോധിക്കും. നിലവില്‍ എറണാകുളം വൈറ്റില ഹബില്‍ കാര്യക്ഷമമായി ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശീയ പാതയോരങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ കൈവശമുള്ള സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ കണ്ടെയ്നറുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ക്കായി പാര്‍ക്കിങ് സൗകര്യം ഒരുക്കും. എന്‍ഫോഴ്സമെന്റ് ഏജന്‍സികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റോഡിന്റെ വശങ്ങളിലെ നടപ്പാതകളില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അനധികൃത പാര്‍ക്കിങ്ങിനെ പറ്റി ചര്‍ച്ചയില്‍ പരാതി ഉയര്‍ന്നു. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സമുച്ചയമാണ് ആവശ്യം. സ്ഥല പരിമിതി മൂലം ലിഫ്റ്റ് വഴി വാഹനങ്ങളെ ഉയര്‍ത്തി പാര്‍ക്കിങ് ഏര്‍പ്പാടാക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ട്രാവല്‍ പ്ലാന്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മറ്റു സംസ്ഥാനങ്ങളുമായി ബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ മെച്ചപ്പെടുത്തും. ആവശ്യക്കാര്‍ ഏറെയുള്ള ഓണം പോലുള്ള ആഘോഷ വേളയില്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സൗരോര്‍ജ പദ്ധതിയുടെ സാധ്യത പരിശോധിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്വന്തം കെട്ടിടത്തിന്റെ മുകളിലും സ്ഥാപിക്കും. കണ്ടെയ്നര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. മലിനീകരണം തടയാന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.
Kbganeshkumar