പെരളശ്ശേരി: പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പെരളശ്ശേരി, മൂന്നാംപാലം ടൗൺ എന്നിവ യുടെ സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഉദ്ഘാടനവും അർബൻ ആർട്ടിരിയിൽ ഗ്രിഡ് പദ്ധതിയിൽപ്പെട്ട റോഡുകളുടെ മണ്ഡലതല പ്രവർത്തി ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
പെരളശ്ശേരി ടൗണിൽ റോഡിന്റെ ഇരുവശത്തും നടപ്പാതയും കൈവരികളും ഇന്റർലോക്കും ഒരുക്കിയിട്ടുണ്ട്. റോഡിന് ഇരുവശത്തും അലങ്കാരവിളക്കുകളും അനുബന്ധ സജീകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പെരളശ്ശേരിയിൽ ഏഴു ബസ് ഷെൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് ഘട്ട പ്രവൃത്തികളായാണ് മൂന്നാം പാലം ടൗൺ സൗന്ദര്യവത്ക്കരണം പൂർത്തിയാക്കിയത്. ഇതിൽ ആദ്യത്തെ പ്രവൃത്തിക്ക് 50 ലക്ഷം രൂപയുടെയും രണ്ടാമത്തെ പ്രവൃത്തിക്ക് 25 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു. ഇവിടെയുളള മൂന്ന് പാലങ്ങളെയും ബന്ധിപ്പിച്ച് യാത്രക്കാർക്ക് തടസം കൂടാതെ സഞ്ചരിക്കുന്നതിന് റോഡിൻ്റെ വശത്ത് നടപ്പാതയും സുരക്ഷയുടെ ഭാഗമായി കൈവരിയും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം മൂന്നാം പാലം ടൗണിൽ നിർമ്മിച്ചിട്ടുണ്ട്. മൂന്നാം പാലം ടൗണിൽ ചുമരുകൾ നിർമ്മിച്ച് ആധുനിക പ്രാചീന കവിത്രയങ്ങൾ, വൈവിധ്യമാർന്ന കലകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എന്നിവയും ഉൾകൊളളിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ഭാഗമായി ഒരു പൊതു കിണർ മോടി പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ അലങ്കാര വിളക്കുകൾ, എൽ.ഇ.ഡി സൈനേജ് ബോർഡുകൾ എന്നിവയും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
ധർമ്മടം നിയോജകമണ്ഡലത്തിലെ അഞ്ചരക്കണ്ടി, പെരളശ്ശേരി, പിണറായി മുഴപ്പിലങ്ങാട്, ധർമ്മടം, വേങ്ങാട് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട 68 റോഡുകളുടെ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് അർബൻ ആർട്ടിരിയൽ ഗ്രിഡ് പദ്ധതി. 80 കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്.
പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ അധ്യക്ഷയായി. നോർത്ത് സർക്കിൾ കോഴിക്കോട് പിബ്ല്യൂഡി റോഡ്‌സ് സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ.വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലൻ, പെരളശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസഡന്റ് വി പ്രശാന്ത്, സ്ഥിരം സമിതി അംഗങ്ങളായ എൻ ബീന, കെ.കെ സുഗതൻ, എം ശൈലജ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ പ്രജിത്ത്, കെ.വി സീന എന്നിവർ പങ്കെടുത്തു.
kannur


















.jpeg)





















