തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. വേണുവിന് ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ഡോക്ടര്‍മാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ ഭര്‍ത്താവിന് മതിയായ ചികിത്സ നല്‍കിയില്ല. ചികിത്സ നിഷേധിക്കുന്ന സമീപനമാണ് ഈ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്, തങ്ങളുടെ ആവശ്യം അവഗണിച്ചു തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വേണുവിന്റെ മരണത്തിന് കാരണം കണ്ടത്തി കുടുംബത്തെ സഹായിക്കണമെന്നും പരാതിയില്‍ പറയുന്നു.
വാര്‍ത്തയില്‍ കണ്ടതാണ് വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രന്‍ പറഞ്ഞു. ഒന്നാം തീയതിയാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. നേരത്തെ സ്‌ട്രോക്ക് വന്ന് ചികിത്സയിലിരുന്ന ആളാണ്. ആന്‍ജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രണ്ടാം വാര്‍ഡില്‍ കാര്‍ഡിയോളജി വിഭാഗം തന്നെയാണ് അഡ്മിറ്റ് ചെയ്തത്. ഇന്നലെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായി. കൃത്യമായി ചികിത്സ കൊടുത്തിട്ടും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് ദുഃഖകരം – അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തുവെന്നും പറയുന്നു.
Trivandrammedicalcollege







































