വയനാട് : മാനന്തവാടിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പൊലീസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ വടകര സ്വദേശി സൽമാൻ വടക്കൻ കേരളത്തിലെ പൊലീസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു.
കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ മൂന്നംഗ സംഘം പൊലീസിന്റെ വലയിലാക്കുന്നത്. വടകര സ്വദേശികളായ ആസിഫ്, റസാഖ്, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്.കുഴൽപ്പണക്കടത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയമുണ്ട്.കുഴൽപ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സൽമാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു.
വടക്കൻ കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടതെന്നുമാണ് ഫോൺ വിശദാംശങ്ങളിലെ കണ്ടെത്തൽ.വാട്ട്സാപ് ചാറ്റുകൾ അടക്കം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ കടന്നിരിക്കുന്നത്. മൂന്നു കോടി 15 ലക്ഷത്തി 11,500 രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ച നിലയിലായിരുന്നു.
Manandavadi





































