കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഡിസംബർ അഞ്ചിന് ആരംഭിച്ച പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് വിവിധ വിതരണ കേന്ദ്രങ്ങളിൽ പൂർത്തിയായി. 2305 കൺട്രോൾ യൂണിറ്റുകളും 5959 ബാലറ്റ് യൂണിറ്റുകളുമാണ് കമ്മീഷനിംഗ് പൂർത്തിയാക്കി വിതരണ കേന്ദ്രങ്ങിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10 ന് വിവിധ പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യും.
സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്.
വെള്ളിയാഴ്ച്ച കണ്ണൂർ കോർപറേഷൻ, പാനൂർ, ഇരിട്ടി, ആന്തൂർ, തളിപ്പറമ്പ, പയ്യന്നൂർ നഗരസഭകളിലെ ബൂത്തുകളിലേക്കുള്ള ഇ വി എം കമ്മീഷനിംഗ് യഥാക്രമം ജി വി എച്ച് എസ് എസ് സ്പോർട്സ് കണ്ണൂർ, കെ കെ വി മെമ്മോറിയൽ എച്ച് എസ് പാനൂർ, മഹാത്മ ഗാന്ധി കോളേജ് ഇരിട്ടി, ഗവ. എഞ്ചിനീയറിങ് കോളജ് മാങ്ങാട്ടുപറമ്പ, സർ സയ്യിദ് കോളജ് തളിപ്പറമ്പ, ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പയ്യന്നൂർ എന്നീ കേന്ദ്രങ്ങളിൽ നടത്തിയിരുന്നു. പാനൂർ, തളിപ്പറമ്പ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, ഇരിക്കൂർ, കല്യാശ്ശേരി, ഇരിട്ടി എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിലേക്കുള്ള കമ്മീഷനിംഗ് യഥാക്രമം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ മൊകേരി, സർ സയ്യിദ് എച്ച് എസ് തളിപ്പറമ്പ്, പയ്യന്നൂർ കോളേജ്, കൃഷ്ണമേനോൻ കോളേജ് പള്ളിക്കുന്ന്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി, കെ പി സി ഹയർ സെക്കൻഡറി സ്‌കൂൾ പട്ടാന്നൂർ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി മാടായി, മട്ടന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നീ കേന്ദ്രങ്ങളിലാണ് പൂർത്തിയായത്.
ശനിയാഴ്ച തലശ്ശേരി, കൂത്തുപറമ്പ, ശ്രീകണ്ഠാപുരം നഗരസഭകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് യഥാക്രമം സാൻ ജോസ് മെട്രോപോളിറ്റൻ സ്‌കൂൾ, തലശ്ശേരി, റാണി ജയ് ഹയർ സെക്കൻഡറി സ്‌കൂൾ കൂത്തുപറമ്പ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ശ്രീകണ്ഠാപുരം എന്നീ കേന്ദ്രങ്ങളിലും എടക്കാട്, കൂത്തുപറമ്പ, പേരാവൂർ, എന്നീ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിലേക്കുള്ളത് യഥാക്രമം സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂൾ എളയാവൂർ, നിർമലഗിരി കോളേജ് കൂത്തുപറമ്പ്, സെൻ ജോൺസ് യു പി സ്‌കൂൾ തൊണ്ടിയിൽ എന്നിവിടങ്ങളിലുമായി പൂർത്തിയായി.ഏജന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് വിതരണ കേന്ദ്രങ്ങളിൽ ഇ വി എം കമ്മീഷനിംഗ് പൂർത്തിയാക്കിയത്.
Electronicvotingmeshine






































