ഇന്ത്യൻ ജനാധിപത്യം തകർന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി കഴിഞ്ഞു. ആഗോള ജനാധിപത്യ വ്യവസ്ഥയ്ക്കെതിരായ ആക്രമണം ആണ് ബിജെപി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജർമ്മനിയിലെ സംവാദ പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
“ബിജെപി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് ഭരണഘടനയെ ഇല്ലാതാക്കുക എന്നതാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭാഷകളും മതങ്ങളും തമ്മിലുള്ള തുല്യത എന്ന ആശയം ഇല്ലാതാക്കുക, ഭരണഘടനയുടെ കേന്ദ്രബിന്ദു എന്ന ആശയം ഇല്ലാതാക്കുക, അതായത് ഓരോ വ്യക്തിക്കും ഒരേ മൂല്യം ഉണ്ടായിരിക്കുക,” രാഹുൽ ഗാന്ധി പറഞ്ഞു.
“ഞങ്ങൾ ബിജെപിയോട് പോരാടുന്നില്ല. ഇന്ത്യൻ സ്ഥാപന ഘടന പിടിച്ചെടുക്കുന്നതിനെതിരെയാണ് ഞങ്ങൾ പോരാടുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം.പ്രതിപക്ഷ പ്രതിരോധ സംവിധാനം ഞങ്ങൾ സൃഷ്ടിക്കും” അദ്ദേഹം പറഞ്ഞു. “അന്വേഷണ ഏജൻസികളായ ഇ.ഡിയെയും സിബിഐയെയും ആയുധമാക്കിയിരിക്കുന്നു. ഇ.ഡി.യും സിബിഐയും ബിജെപിക്കെതിരെ ഒരു കേസും എടുക്കുന്നില്ല. രാഷ്ട്രീയ കേസുകളിൽ ഭൂരിഭാഗവും അവരെ എതിർക്കുന്ന ആളുകൾക്കെതിരെയാണ്. നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ഭീഷണി നേരിടും” രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവല്ല, മറിച്ച് വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുന്ന ഇന്ത്യാ വിരുദ്ധ നേതാവാണെന്നെന്ന് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെ പറഞ്ഞു. ഇതിലൂടെ രാഹുൽ എന്താണ് നേടാൻ ലക്ഷ്യമിടുന്നതെന്ന് അദേഹം ചോദിച്ചു.
Rahulgandhi








































