കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന ആരംഭിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന ആരംഭിച്ചു.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെ വീട്ടിലും ഇഡി സംഘം റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഗോവര്‍ധന്‍റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.
മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എൻ വാസുവിന്‍റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്.
കെപി ശങ്കരദാസ്, എൻ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.
Sabarimala







_(30).jpeg)





_(30).jpeg)


























