കേളകം: ഗ്രാമപഞ്ചായത്ത് പരിധിയിലെ വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി കർമ്മപദ്ധതി തയ്യാറാക്കുന്നതിന് ജന ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് വനം വകുപ്പ് ഏകദിന ശില്പശാല നടത്തി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫിൻ്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു. നിലവിൽ വനം വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികൾ, ജന ജാഗ്രത സമിതികൾ, പ്രൈമറി റെസ്പോൺസ് ടീം തുടങ്ങിയവയുടെ പ്രാധാന്യം, വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനായി നടപ്പിലാക്കി വരുന്ന 10 മിഷനുകൾ സംബന്ധിച്ച് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരിക്കുന്നതിനായി വനവകുപ്പ് തയ്യാറാക്കിയ കേളകം പഞ്ചായത്തിന്റെ ലാൻഡ്സ്കേപ്പ് പ്ലാൻ, നിലവിൽ പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ, പഞ്ചായത്ത്, റവന്യൂ കൃഷി, ടി , ആരോഗ്യം എന്നീ വകുപ്പുകൾ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും കൊട്ടിയൂർ റെയിഞ്ച് ഓഫീസർ നിധിൻ രാജ്,ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവർ അവതരിപ്പിച്ചു.വനാതിർത്തിയിൽ ഹാങ്ങിങ് സോളാർ പെൻസിങ് സ്ഥാപിക്കുന്നതിനും, നിലവിലുള്ള സോളാർ ഫെൻസിംഗ് ലൈനുകൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും തീരുമാനമായി.പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വനം വന്യജീവി സംബന്ധമായ സംശയങ്ങൾ, പരാതികൾ എന്നിവ വനംവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് തുടർനടപടികൾ സ്വീകരിക്കുന്നതിന് ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ വനംവകുപ്പിൽ നിന്നും ലൈസണോഫീസർമാരെ നിയോഗിച്ചു.കർമ്മപദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ വെട്ടിത്തെളിക്കുന്നത്, വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്, വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് വേണ്ടി നടപ്പിലാക്കിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതി രേഖയിൽ ചർച്ച ചെയ്തു.കേളകം ശലഭഗ്രാമത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം കണ്ടെത്തുന്നതിനും ഉള്ള പദ്ധതികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പൊരുമത്ര, പഞ്ചായത്തംഗങ്ങളായ കെ.കെ. റിനീഷ്, താന്നിവേലിൽ ജോർജ് കുട്ടി, അബ്ദുൽ സെലാം, സിന്ധു മുഞ്ഞനാട്ട്,മൈഥിലി രമണൻ, മറ്റ് ജനപ്രതിനിധികൾ, കൃഷി ഓഫീസർ എം.ജിഷ മോൾ, അടക്കാത്തോട് വെറ്റനറി സർജൻ ഡോ.അജിൻ ശങ്കർ, പഞ്ചായത്ത് സിക്രട്ടറി എം.പൊന്നപ്പൻ, കെ.എം.അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. വനാതിർത്തിയിൽ കൂടുതൽ ദൂരത്തിൽ ആന മതിൽ നിർമിക്കണമെന്നും, വന്യ ജീവി ശല്യത്തിൽ നിന്നും ജനങ്ങളുടെ രക്ഷക്കായി കൂടുതൽ ജാഗ്രത തുടരണമെന്നും യോഗത്തിൽ പങ്കെടുത്തവർ വനപാലകരോട് ആവശ്യപ്പെട്ടു.
Kelakampanchayath






































