കണ്ണൂർ : സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായ ഹാപ്പിനസ് ഫെസ്‌റ്റിവലിന് ഫെബ്രുവരി 13 വെള്ളിയാഴ്‌ച ധർമശാലയിൽ തിരിതെളിയും. രാത്രി ഏഴു മണിക്ക് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഹാപ്പിനസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തുനിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര കോളേജ് മൈതാനത്ത് സമാപിക്കും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ വികസന എക്സിബിഷനും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടെയുള്ള കുടുംബശ്രീയുടെ ഇന്ത്യാ ഫുഡ് കോർട്ടും വ്യത്യസ്ത തരം വിപണന സ്റ്റാളുകളുടെ ഉദ്‌ഘാടനവും നടക്കും. എട്ടുമണി മുതൽ ഗായകൻ വിധു പ്രതാപിന്റെ മ്യൂസിക് മെഗാ ഷോയുമുണ്ടാകും.
ആന്തൂർ നഗരസഭ ആതിഥേയത്വം വഹിക്കുന്ന തദ്ദേശ ദിനാഘോഷത്തിനനുബന്ധമായാണ് ഫെബ്രുവരി 13 മുതൽ 19 വരെ കലാപരിപാടികൾ, അമ്യൂസ്‌മെന്റ്, മെഗാഷോകൾ, വികസന എക്‌സിബിഷൻ, വിപണന സ്‌റ്റാളുകൾ, സെമിനാറുകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള ഹാപ്പിനസ് ഫെസ്റ്റിവൽ അരങ്ങേറുക. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് മൈതാനത്തും ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിലുമായാണ് ഫെസ്‌റ്റിവൽ നടക്കുക. ഹാപ്പിനസ് ഫെസ്‌റ്റിവലിന്റെ ഭാഗമായ ഐഎഫ്‌എഫ്‌കെ റീജണൽ ഫിലിം ഫെസ്‌റ്റിവൽ 21, 22, 23 തീയതികളിൽ തളിപ്പറമ്പിൽ നടക്കും.
ആഘോഷത്തിന്റെ ഭാഗമായിഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10.30 ന് പ്രാദേശിക സർക്കാരുകളുടെ വിജ്ഞാന സാംസ്‌കാരിക നയപരിപാടികളും ലൈബ്രറികളും വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് ആറു മണിക്ക് മഹാലക്ഷ്മി സർവേശ്വരൻ ആൻഡ് ടീമിന്റെ ഡാൻസ് പ്രോഗ്രാം ദി റിഫ്ലക്ഷൻ, രാത്രി എട്ടുമണിക്ക് ശ്രീരാഗ് ഭരതൻ, അനുശ്രീ എന്നിവർ നയിക്കുന്ന മ്യൂസിക് മെഗാ ഷോ എന്നിവ അരങ്ങേറും. ഫെബ്രുവരി 15 ഞായറാഴ്ച്ച രാവിലെ 10.30 ന് ഉത്തരവാദിത്വ ടൂറിസവും തദ്ദേശ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് ആറുമണിക്ക് രമ്യ നമ്പീശൻ നയിക്കുന്ന ഡാൻസ് ഫ്യുഷനും എട്ടുമണിക്ക് മാംഗോസ്റ്റീൻ ക്ലബ്ബിന്റെ മ്യൂസിക് ഷോയും അരങ്ങേറും. ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 10.30ന് ദുരന്ത നിവാരണവും പ്രാദേശിക ഭരണകൂടങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടക്കും , രാത്രി എട്ടിന് സൂഫീ ബാന്റ മെഹഫിൽ ഇ സമ മെഗാ മ്യൂസിക് ഷോ.
17 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി വിദ്യാർഥികളുടെ മുഖാമുഖം പരിപാടി നടക്കും. തുടർന്ന് 11 മണിക്ക് സംരംഭകത്വവും സ്റ്റാർട്ട് അപ് എക്കോസിസ്റ്റവും തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ ഉണ്ടാകും. രാത്രി എട്ടിന് റിമി ടോമി നയിക്കുന്ന മ്യൂസിക് ഷോ.
ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് കെഎപി നാല് ബറ്റാലിയൻ മൈതാനത്ത് സംസ്ഥാന തദ്ദേശദിനാഘോഷം തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ അധ്യക്ഷനാകും. വൈകിട്ട് ആറുമണിക്ക് ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിൽ റിമ കല്ലിങ്കൽ നയിക്കുന്ന ഡാൻസ് ഫ്യൂഷൻ, തുടർന്ന് രാത്രി എട്ടുമണിക്ക് ജോബ് കുര്യൻ നയിക്കുന്ന മ്യുസിക് ഷോ എന്നിവ അരങ്ങേറും.
ഫെബ്രുവരി19 ബുധനാഴ്ച പകൽ 11മണിക്ക് മാങ്ങാട്ടുപറമ്പ് കെഎപി നാല് ബറ്റാലിയൻ മൈതാനത്ത് തദ്ദേശദിനാഘോഷ സമാപനവും പുരസ്‌കാര വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ മുഖ്യാതിഥിയാകും. രാത്രി എട്ടുമണിക്ക് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ റാപ്പർ വേടൻ അവതരിപ്പിക്കുന്ന റാപ്പ് മ്യൂസിക് മെഗാ ഷോയും അരങ്ങേറും.
Kannur







































