കൊച്ചി: പാഠപുസ്തക വിതരണത്തെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. അന്ന് ആ കാലഘട്ടത്തിന് നേതൃത്വം നല്‍കിയ ആളാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് തുഗ്ലക്ക് പരിഷ്‌കാരമാണോ എന്നും വി ശിവന്‍കുട്ടി ചോദിച്ചു.
പരീക്ഷയ്ക്ക് മുന്‍പ് പുസ്തകം കിട്ടാത്തതിനാല്‍ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിച്ചൊരു കാലം കേരളത്തിലുണ്ടായിരുന്നു. 2016ന് മുന്‍പുള്ള കാലഘട്ടത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതിനൊക്കെ തന്നെ നേതൃത്വം കൊടുത്ത ഒരു മഹാന്‍ ഇന്ന് വിമര്‍ശിക്കുകയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അതിനെ തുഗ്ലക് പരിഷ്‌കാരമെന്ന് വിളിക്കാന്‍ ഒരു നേതാവ് ഇന്നിപ്പോള്‍ തയാറായിരിക്കുന്നു. പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ, ആണെന്നാണ് അദ്ദേഹം പറയുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കുട്ടികളുടെ കയ്യില്‍ പുസ്തകവും യൂണിഫോമുമെത്തിക്കുന്നത് ഭരണപരമായ മികവാണ് – വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഒമ്പതാം ക്ളാസിലെ കുട്ടി ജയിച്ചോ എന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുത്തുകൊണ്ടിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ. അത് ശിവന്‍കുട്ടിയാണോ തീരുമാനിക്കുന്നത്. പരീക്ഷ പേപ്പര്‍ നോക്കണ്ടേ. പത്തിലെ കുട്ടി ജയിച്ചാലല്ലേ 11ല്‍ പോകാന്‍ പറ്റു. അതിന് മുന്‍പ് പുസ്തകം കൊടുത്തിട്ട് കാര്യമുണ്ടോ. എന്തെല്ലാം തുഗ്ലക് പരിഷ്‌കാരങ്ങളാണ്. എനിക്ക് മനസിലാകുന്നില്ല. തങ്ങള്‍ പുസ്തകം നേരത്തെ അടിച്ചെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയാണ്. കേരളത്തില്‍ നേരത്തെ പുസ്തകം കൊടുത്തിട്ടില്ലേ. ആദ്യമായിട്ടാണോ പുസ്‌കം കൊടുക്കുന്നത്. പണ്ടൊക്കെ എഴുത്തോലയില്‍ ആയിരുന്നോ കുട്ടികള്‍ പഠിച്ചോണ്ടിരുന്നത് – ചെന്നിത്തല ചോദിച്ചു.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാര്‍ഥികളിലേക്ക് എത്തി. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ മുഖ്യമന്ത്രി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മെയ് അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇത്രയും നേരത്തെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് ചരിത്രത്തിലാദ്യമാണ്.
Rameshchennithala






































