തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നതിനൊപ്പം അള്‍ട്രാവയലറ്റ് (UV) സൂചികയും ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.കൊട്ടാരക്കരയിലെ സെൻസറില്‍ യുവി സൂചിക 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് നിലവില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ഇതിന്റെ ആഘാതം കൂടുതലായിരിക്കും. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കുന്നത് ശീലമാക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങള്‍ എന്നിവ നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ അവ ഒഴിവാക്കി പകരം സംഭാരം, ഫ്രഷ് ജ്യൂസ്, ഒ.ആർ.എസ് ലായനി എന്നിവ ഉപയോഗിക്കാം. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ കരുതുന്നതിനൊപ്പം ശരീരമാകെ മൂടുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കേണ്ടതാണ്.
നിർമ്മാണ തൊഴിലാളികള്‍, കർഷകർ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസ്, ഡെലിവറി എക്സിക്യൂട്ടീവുകള്‍ തുടങ്ങിയവർ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണം. കുട്ടികള്‍, പ്രായമായവർ, ഗർഭിണികള്‍, ചർമ്മരോഗമുള്ളവർ എന്നിവർക്ക് പ്രത്യേക സംരക്ഷണം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കണം. പരീക്ഷാ ഹാള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവിടങ്ങളില്‍ തണലും കുടിവെള്ളവും നിർബന്ധമായും ഒരുക്കേണ്ടതാണ്.
മനുഷ്യരെപ്പോലെ തന്നെ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തില്‍ ശ്രദ്ധ വേണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാൻ വിടുന്നത് ഒഴിവാക്കുകയും അവയ്ക്ക് ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കുകയും ചെയ്യണം. വാഹനങ്ങളില്‍ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തി പോകരുത്.
thiruvanathapuram

.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)

.jpeg)
.jpeg)

.jpeg)






















