ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. വിമാനങ്ങളിലെ ആകെ സീറ്റുകളിൽ 60 ശതമാനമെങ്കിലും യാതൊരുവിധ അധിക ചാർജും (സീറ്റ് സെലക്ഷൻ ചാർജ്) ഇല്ലാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. നിലവില്‍ വിരലില്‍ എണ്ണാവുന്ന സീറ്റുകളാണ് ചെക്കിന്‍ സമയത്ത് സൗജന്യമായി തിരഞ്ഞെടുക്കാനാവുക. ഇനി 60% സീറ്റുകള്‍ ഫ്രീ സീറ്റുകളായിരിക്കും.
കൂടാതെ, ഒരേ പിഎൻആറിൽ (PNR) ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരുമിച്ച് തന്നെ സീറ്റുകൾ അനുവദിക്കണമെന്നും ഡിജിസിഎയുടെ മാർഗരേഖയിൽ വ്യക്തമാക്കുന്നു. പലപ്പോഴും ബന്ധുക്കളായവര്‍ക്ക് പല സീറ്റുകളിലായി ഇരിക്കേണ്ടി വരാറുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനു മുൻഗണന നൽകിക്കൊണ്ടാണ് കേന്ദ്രത്തിന്റെ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
നിര്‍ദേശങ്ങള്‍
∙ സൗജന്യ സീറ്റുകൾ: ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ മുൻകൂട്ടി പണമടയ്ക്കാതെ തന്നെ യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ സാധിക്കണം.
∙ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒന്നിച്ച് ഇരിക്കാം. ഒരേ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് വിമാനത്തിൽ വെവ്വേറെ സീറ്റുകൾ നൽകുന്ന രീതി ഇനി മുതൽ അനുവദിക്കില്ല. അവർക്ക് ഒന്നിച്ചു തന്നെയുള്ള സീറ്റുകൾ മുൻഗണനാക്രമത്തിൽ നൽകണം.
∙ കായിക ഉപകരണങ്ങളും സംഗീതോപകരണങ്ങളും കൊണ്ടുപോകുന്നതിനു ലളിതവും സുതാര്യവുമായ നയം കമ്പനികൾ സ്വീകരിക്കണം.
∙ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി വ്യക്തമായ മാർഗനിർദേശങ്ങൾ വിമാനക്കമ്പനികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
∙ യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇംഗ്ലിഷിനു പുറമെ പ്രാദേശിക ഭാഷകളിലും വിമാനക്കമ്പനികളുടെ വെബ്സൈറ്റിലും ആപ്പുകളിലും ലഭ്യമാക്കണം.
വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും നഷ്ടപരിഹാരവും കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ബുക്കിങ് കൗണ്ടറുകളിലും മൊബൈൽ ആപ്പുകളിലും യാത്രക്കാരുടെ അവകാശങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണം.
Ministry of Civil Aviation brings relief to domestic air travelers




_(4).jpeg)





_(4).jpeg)


























