കൊട്ടിയൂർ: കൊട്ടിയൂർ റേഞ്ചിലെ കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ചപ്പമല, ബോബെമല ഭാഗത്ത് കഴിഞ്ഞ ദിവസം വന്യജീവി സാന്നിധ്യം മൂലം നിലനിന്നിരുന്ന പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരമായി. വനത്തോടു ചേർന്നുള്ള റോയി എന്നയാളുടെ സ്വകാര്യ ഭൂമിയിൽ മാർച്ച് 19-ന് ഒരു മലമാനിനെ വന്യജീവി പിടികൂടി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പ്രദേശത്ത് മറ്റേതെങ്കിലും വലിയ മാംസഭുക്കുകളുടെ സാന്നിധ്യമുണ്ടോ എന്ന ഭീതിയിലായിരുന്നു നാട്ടുകാർ.സംഭവമറിഞ്ഞ ഉടൻ തന്നെ കൊട്ടിയൂർ റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അവശിഷ്ടങ്ങളിലെ ആക്രമണ രീതിയും ഭക്ഷണരീതിയും പരിശോധിച്ച ഉദ്യോഗസ്ഥർ, ഇത് കാട്ടുപട്ടികളുടെ (Wild Dogs) ആക്രമണമാകാനാണ് സാധ്യതയെന്ന് പ്രാഥമികമായി അനുമാനിച്ചിരുന്നു. എങ്കിലും ജനങ്ങളുടെ സുരക്ഷയും ആശങ്കയും കണക്കിലെടുത്ത് വനംവകുപ്പ് ഉടൻ തന്നെ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ (Camera Traps) സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തു.
ഇന്ന് (മാർച്ച് 20) രാവിലെ ക്യാമറ ട്രാപ്പുകൾ പരിശോധിച്ചപ്പോൾ, കാട്ടുപട്ടിക്കൂട്ടം -മലമാനിനെ കടിച്ച് ഭക്ഷിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചു. ഇതോടെ പ്രദേശത്ത് പുലിയോ മറ്റ് വന്യമൃഗങ്ങളോ ആണെന്ന തെറ്റായ പ്രചാരണങ്ങൾക്കും ആശങ്കകൾക്കും വിരാമമായി. വരും ദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
kottiyoor






































