കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥപറയുന്ന “പ്രതിഛായ” തിയേറ്ററുകളിൽ ശ്രദ്ധേയമായ പ്രതികരണം നേടുന്നു. ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ സിനിമ ഏറെ കാലത്തിന് ശേഷം മലയാളത്തിൽ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ കുടുംബ ചിത്രമാണ്. മുഖ്യമന്ത്രിയായ കെ എൻ വർഗീസും അദ്ദേഹത്തിന്റെ മകനായ ജോൺ വർഗീസും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
സ്ത്രീപീഡന ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുന്ന സാഹചര്യവും, അതിന്റെ പിന്നിലുള്ള സത്യങ്ങൾ അന്വേഷിക്കാൻ മകൻ ഇറങ്ങിപ്പെടുന്നതുമാണ് കഥയുടെ മുന്നേറ്റം. രാഷ്ട്രീയവും വ്യക്തിബന്ധങ്ങളും തമ്മിലുള്ള സംഘർഷം ചിത്രത്തിൽ തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. അധികാരത്തിന്റെ ഭാരം വഹിക്കുന്ന ഒരാളുടെ ശക്തിയും, ദൗർബല്യവും ഒരുപോലെ പ്രകടമാക്കുന്ന മുഖ്യമന്ത്രി കഥാപാത്രം ചിത്രത്തിന്റെ ആത്മാവായി മാറുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത മുഖ്യമന്ത്രി വർഗീസ് എന്ന കഥാപാത്രം ബാലചന്ദ്രമേനോൻ ഏറെ ഹൃദ്യമായി അവതരിപ്പിച്ചപ്പോൾ, ജോൺ വർഗീസ് എന്ന കഥാപാത്രം നിവിൻ പോളി തന്റെ കരിയറിൽ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളിൽ ഒന്നാകുന്നു. വികാരനിർഭരമായ രംഗങ്ങളിൽ ഇരുവരുടെയും സ്ക്രീൻ പ്രിസൻസ് ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നു.
സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മേക്കിങ്ങിലെ ചടുലതയും ശക്തമായ ബാക്ക്ഗ്രൗണ്ട് സ്‌കോറും ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നു. രാഷ്ട്രീയ സിനിമകൾ വെറും അധികാര പോരാട്ടങ്ങളിലേക്ക് ചുരുങ്ങേണ്ടതില്ലെന്നും, കുടുംബബന്ധങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും വഴിയിലൂടെയും ശക്തമായ കഥകൾ പറയാനാകുമെന്നും ചിത്രം തെളിയിക്കുന്നു. വർത്തമാനകാലത്ത് കോർപ്പറേറ്റ് ചാനലുകളുടെ സ്വാധീനം എങ്ങിനെ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നുവെന്നതും മീഡിയ നാരേറ്റീവുകൾ, ഇമേജ് നിർമ്മാണം, ആരോപണങ്ങളുടെ വ്യാപനം എന്നിവ എങ്ങനെ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാവിയെ സ്വാധീനിക്കുന്നുവന്നതും ചിത്രം ശക്തമായി തുറന്നുകാട്ടുന്നു. അധികാരവും മാധ്യമങ്ങളും തമ്മിലുള്ള സൂക്ഷ്മ ബന്ധം പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്ത്രീ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ നിർണായക സ്ഥാനമുണ്ട്. നീതു കൃഷ്ണ, സബിത ആനന്ദ് തുടങ്ങിയ നടിമാർക്ക് ലഭിച്ച പക്വതയാർന്ന വേഷങ്ങളും അവരുടെ പ്രകടനങ്ങളും ശ്രദ്ധേയമാകുന്നു. സ്ത്രീകഥാപാത്രങ്ങൾ വെറും ‘ഷോപീസ്’ ആയി ഒതുങ്ങുന്നില്ലെന്നത് ചിത്രത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ഇടതുപക്ഷമോ വലതുപക്ഷമോ എന്ന രാഷ്ട്രീയ ചട്ടക്കൂടുകളിൽ ഒതുങ്ങാതെ, ഒരു നേതാവിന്റെ മാനുഷിക മുഖവും കുടുംബബന്ധങ്ങളുടെയും ആഴവും രേഖപ്പെടുത്തുന്ന ചിത്രമാണ് “പ്രതിഛായ”. പ്രൊപ്പഗാണ്ട സിനിമായെന്ന മുൻവിധിയോടെ തീയേറ്ററുകയിൽ എത്തിയ 'പ്രതിഛായ' രാഷ്ട്രീയമായി ഒരുതലത്തിലേക്കും ചായാതെ, പ്രേക്ഷകർക്കിടയിൽ ഒരു മുൻ രാഷ്ട്രീയ കാലത്തിന്റെ ഓർമ്മകൾ പുതുക്കുന്ന അനുഭവമായി മാറുന്നു. മൊത്തത്തിൽ, “പ്രതിഛായ” ഒരു രാഷ്ട്രീയ കഥ മാത്രമല്ല; വികാരവും വിശ്വാസവും കുടുംബബന്ധങ്ങളും ചേർന്ന ഒരു സമകാലിക സിനിമാനുഭവമാണ്.
The 'Prathichaya' that reminds of Umman Chandy during election time







































