നടുവനാട്ട്: ഇരിട്ടി നഗരസഭാ പരിധിയിലെ ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്ക് ഉൗഷ്‌മള വരവേൽപ്പ്. വെള്ളിയാഴ്ച നടുവനാട്ട് നിന്നും ആരംഭിച്ച പര്യടനം അഡ്വ. എൻ എം രമേശൻ ഉദ്‌ഘാടനം ചെയ്തു. കെ പി പത്മനാഭൻ അധ്യക്ഷനായി. നഗരസഭാ പരിധിയിലെ 15 കേന്ദ്രങ്ങളിൽ പര്യടനം നടന്നു.
പര്യടനം കീഴൂർ ചാളക്കരയിൽ വൻ പൊതുയോഗത്തോടെ സമാപിച്ചു. സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്‌ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ ശ്രീലേഷ് അധ്യക്ഷനായി. ചാവശ്ശേരി ടൗൺഷിപ്പ് ഉന്നതിയിലെ യുവാക്കൾ ഒരുക്കിയ നാസിക് ഡോൾ ബാന്റ് മേളം സ്വീകരണ കേന്ദ്രങ്ങൾക്ക് ആവേശം പകർന്നു. സ്ഥാനാർഥിയുടെ പ്ലക്കാർഡുകളും പൂക്കളും വർണ്ണക്കുടകളും സ്വീകരണ കേന്ദ്രങ്ങൾക്ക് നിറം പകർന്നു. പടക്കങ്ങളും മുദ്രാവാക്യങ്ങളും സ്വീകരണ പ്രകടനങ്ങളുടെ ഭാഗമായി. നേതാക്കളായ എൻ എം രമേശൻ, കെ വി സക്കീർഹുസൈൻ, മുനിസിപ്പൽ ചെയർമാൻ വി വിനോദ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അജയൻ പായം, പി പി ഉസ്മാൻ, പി പി അശോകൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നല്ലൂർ, കെ ശ്രീധരൻ, പായം ബാബുരാജ്, എ കെ രാജു, ജില്ലാ പഞ്ചായത്തംഗം നവ്യ സുരേഷ്, ഡൊമിനിക്ക് മടുക്കക്കുഴി, സി വി എം വിജയൻ എന്നിവർ സംസാരിച്ചു.
A warm welcome to LDF candidate K K Shailaja





































