കണ്ണൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും അവരുടെ ഭൂമി പിടിച്ചെടുക്കാനുമുള്ള ഗൂഢപദ്ധതിയാണ് തയ്യാറാക്കിയിരുന്നതെന്നും വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു.ജനരോഷം ഭയന്നാണ് പ്രകടന പത്രിക തിരുത്താൻ എൽഡിഎഫ് തയ്യാറായത്.വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണ് പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഇതിലൂടെ എൽഡിഎഫിൻ്റെ ഉള്ളിലിരുപ്പ് വ്യക്തമായി.
ഗാഡ്ഗിലും കസ്തൂരിരംഗനും തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ (ESS) എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽ ഡി എഫ് ശ്രമം. ഇത് കർഷകന്റെ പറമ്പിൽ വനംവകുപ്പിന് സർവാധിപത്യം നൽകാനുള്ള തന്ത്രമാണ്.
ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന ആദ്യ പ്രഖ്യാപനം ജനദ്രോഹപരമാണ്. ഇത് വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കും.pവൻകിട വിദേശ ഏജൻസികളിൽ നിന്ന് കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമായിരുന്നോ നടത്തിയതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. കർഷകന്റെ കണ്ണീരിൽ ലാഭം കൊയ്യാനുള്ള ഈ തുഗ്ലക് പരിഷ്കാരങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല.
മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Sannyjoseph

















.jpeg)



















