തിരുവനന്തപുരം : മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന്‍ പുകഴ്ത്തി. ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി. ഒരു പാർട്ടി പോലെ. ഞങ്ങൾ എടുത്ത മതേതര നിലപാടിനെ കേരളം അംഗീകരിച്ചു.പാണക്കാട് തങ്ങളുടെ എല്ലാ പിന്തുണയും അതിനു ലഭിച്ചു. കേരളത്തെ വിദ്വേഷം ഉണ്ടാക്കി വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചു. പള്ളുരുത്തിയിലെയും മുനമ്പത്തെയും വിഷയങ്ങളിൽ മുസ്ലിം ലീഗ് എടുത്ത നിലപാട് വിസ്മയിപ്പിച്ചു. കെ ടി ജോർജിന്റെ പേരിലുള്ള അവാർഡ് ഞങ്ങൾ തങ്ങൾക്ക് നൽകിയത് ആ മതേതര നിലപാടിനുള്ള അംഗീകാരമെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.ബാബരി മസ്ജിദ് വിഷയത്തിൽ എടുത്ത നിലപാടിന്റെ തുടർച്ചയായിരുന്നു പള്ളുരുത്തിയിലും മുനമ്പത്തും ലീഗ് എടുത്തത്. ഇപ്പോൾ ലീഗിനെതിരെ നടക്കുന്നത് തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന്റെ തുടർച്ച. മുസ്ലിംലീഗ് ദുർബലമായാൽ ആ സ്പേസ് ആരു കൊണ്ടുപോകും എന്നത് ചോദ്യമാണ്. ഈ നാടിന് മാറ്റം ഉണ്ടാക്കാൻ ഞങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കും.അതിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരും വരണ്ട. അതിനുള്ള ചുട്ടമറുപടി അപ്പോൾ കിട്ടും. ഘടകക്ഷികളുമായുള്ള ചർച്ച തുടരുന്നു. വേഗത്തിൽ നടപടികൾ പൂർത്തിയായി. 18ന് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്യാൻ പോവുകയാണ്. 140 സീറ്റ് വിഭജിച്ചിട്ട് ഒരു അപസ്വരവും കേട്ടില്ലല്ലോ. അപ്പോഴും ഒരു അപസ്വരവും ഉണ്ടാവില്ല. മന്ത്രിമാരുടെ പട്ടിക നാളെ ഗവർണർക്ക് കൈമാറുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Vdsatheesan





































