പേരാവൂർ: കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. നരേന്ദ്ര മോദി സർക്കാർ ഭരണരംഗത്ത് 13-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ, സർക്കാരിന്റെ വികസന കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം പേരാവൂർ മണ്ഡലത്തിൽ എത്തിയത്. ഭാരതീയ ജനതാ പാർട്ടിയുടെ മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച പി.പി. മുകുന്ദന്റെ മണത്തണയിലെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ കണ്ടു. തുടർന്ന് മണ്ഡലത്തിലെ സവിശേഷ വ്യക്തിത്വങ്ങളുടെ വസതികൾ സന്ദർശിച്ച അദ്ദേഹം പ്രാദേശിക വികസനങ്ങളെക്കുറിച്ചും മലയോര ജനതയുടെ ആവശ്യങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തി.
മലയോരത്തെ മുതിർന്ന കർഷക നേതാവും മുൻ ജനപ്രതിനിധിയുമായ ജോർജ്ജുകുട്ടി മുക്കാടന്റെ വസതിയാണ് കേന്ദ്രമന്ത്രി ആദ്യം സന്ദർശിച്ചത്. സുരേഷ് ഗോപി അദ്ദേഹത്തോടൊപ്പം ദീർഘനേരം ചെലവഴിക്കുകയും വികസന കാര്യങ്ങളും പഴയകാല സ്മരണകളും സ്നേഹാന്വേഷണങ്ങളും പങ്കുവെക്കുകയും ചെയ്തു.
തുടർന്ന് പേരാവൂർ മേഖലയിലെ ആരോഗ്യ രംഗത്ത് നീണ്ട 52 വർഷങ്ങളായി വിലമതിക്കാനാവാത്ത സേവനം നൽകുകയും നിലവിൽ 79-ാം വയസ്സിലേക്ക് കടക്കുകയും ചെയ്ത ഡോ. രാമചന്ദ്രൻ മകൻ ഡോ. വിമൽ രാമചന്ദ്രൻ എന്നിവരുടേയും കുടുംബാംഗങ്ങളുടേയും വസതിയിലാണ് മന്ത്രി എത്തിയത്. ക്ഷേത്ര സംരക്ഷണത്തിന് ഡോ. രാമചന്ദ്രൻ നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മലയോരത്തെ പഴയകാല ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ആരോഗ്യരംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.
മലയോര മേഖലയുടെ ബിസിനസ്സ്-വ്യവസായ പുരോഗതിക്ക് വലിയ പങ്ക് വഹിച്ച വ്യവസായ ശൃംഖലയായ കെ കെ ഗ്രൂപ്പ് ഡയറക്ടർ കെ.കെ. മോഹൻദാസിന്റെ വസതിയിലും കേന്ദ്രമന്ത്രി എത്തി. നിലവിൽ പുരളിമല മുത്തപ്പൻ മടപ്പുരയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന കെ.കെ. മോഹൻദാസിനും കുടുംബാംഗങ്ങൾക്കുമൊപ്പം സൗഹൃദം പങ്കിട്ട മന്ത്രി, മലയോരത്തെ വാണിജ്യ മേഖലയ്ക്ക് കെ കെ ഗ്രൂപ്പ് നൽകിയ സംഭാവനകളെ പ്രകീർത്തിച്ചു. ടൂറിസം വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ മലയോരത്തെ വാണിജ്യ-ടൂറിസം സാധ്യതകൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
സന്ദർശന വേളയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. രഞ്ജിത്ത്, സംസ്ഥാന നേതാക്കളായ ഒ. നിതീഷ്, എൻ. ഹരിദാസ്, കൂട്ട ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രജിൽ കെ ബി, രാജൻ പുതുക്കുടി, ജില്ലാ ജനറൽ സെക്രട്ടറി ഷിജിലാൽ, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബിനിൽ, പേരാവൂർ മണ്ഡലം പ്രസിഡന്റ് ബേബി സോജ, മണ്ഡലം ജനറൽ സെക്രട്ടറി സി. ആദർശ്, ജില്ലാ സോഷ്യൽ മീഡിയ അംഗം സരുൺ, യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം അരുൺ ഭരത് എന്നിവരും മറ്റ് മണ്ഡലം-ജില്ലാ നേതാക്കളും നിരവധി പ്രവർത്തകരും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Content Highlight: Union Minister Suresh Gopi arrived in Kottiyoor






































