#Kerala Weather #Yellow Alert #Heavy Rain
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് മലബാർ മേഖലയിലാണ് മഴ കനക്കാൻ സാധ്യത.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് തുടരും.
വടക്കൻ കേരളത്തിനും മാന്നാർ ഉൾക്കടലിനും മുകളിലായി നിലനിൽക്കുന്ന രണ്ട് ചക്രവാതചുഴികളാണ് നിലവിലെ മഴയ്ക്ക് കാരണം. മഴയോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശ ജില്ലകളിലും ജാഗ്രത നിർദേശമുണ്ട്. നാളെ രാവിലെ 8.30 മുതൽ രാത്രി 11.30 വരെ തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുമുള്ള തീരങ്ങളിൽ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കന്യാകുമാരി തീരങ്ങളിലും നാളെ പുലർച്ചെ 5.30 മുതൽ വൈകുന്നേരം 5.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധിച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അറിയിപ്പുണ്ട്.
Content Highlight: Heavy Rain Forecast in Kerala, Yellow Alert for 5 Districts, High Waves Warning








































