പാലക്കാട്: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട പാലക്കാട് മുണ്ടൂരിൽ ഇന്ന് ഉച്ചവരെ സിപിഎം ഹർത്താൽ. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകന്‍ അലന്‍ (24) ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. അലന്റെ അമ്മയ്ക്കും കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വീട്ടിലെത്താൻ നൂറു മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് അലന്റെ ജീവൻ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവർ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവർ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോൺ വിളിക്കുകയായിരുന്നു. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മൂന്ന് ആനകൾ കാടിറങ്ങി ജനവാസമേഖലയിൽ എത്തിയിരുന്നു.
Young man killed in wild elephant attack