കാസർകോട്: കാസര്‍കോട് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാലമ്പല പ്രവേശനം. ക്ഷേത്ര അനുബന്ധ ചടങ്ങുകളില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന നാലമ്പലത്തിലാണ് ഇന്ന് മാറ്റങ്ങള്‍ക്ക് തുടക്കമായത്. നാലമ്പല പ്രവേശനത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല.
നമ്പൂതിരി, നായര്‍, സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് മാത്രമായിരുന്നു നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഈ ആചാരത്തെ ലംഘിച്ചു കൊണ്ടാണ് 16 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ നാലമ്പലത്തില്‍ പ്രവേശിച്ചത്. എല്ലാ വിഭാഗക്കാര്‍ക്കും നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകണമെന്ന ആവശ്യത്തിലാണ് തീരുമാനമെന്ന് ജനകീയ സമിതിയില്‍പ്പെട്ട ആളുകള്‍ വ്യക്തമാക്കി.
അതേസമയം ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരാണ് ഇന്നത്തെ നാലമ്പല പ്രവേശനമെന്നാണ് ക്ഷേത്ര കമ്മിറ്റി അധികൃതരുടെ നിലപാട്. തന്ത്രിയാണ് തുടര്‍ നടപടികള്‍ തീരുമാനിക്കേണ്ടതെന്നും ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ നാലമ്പലത്തില്‍ പ്രവേശിച്ചേക്കും.
Kasargod: People's Committee Enters Sree Rayaramangalam Temple