കണ്ണൂർ : പാർട്ടിയുടെ സ്വാധീന കേന്ദ്രമായ കണ്ണൂർ ജില്ലയുടെ സെക്രട്ടറി എന്ന ചുമതല ഏറ്റവും ഉത്തരവാദിത്വം നിറഞ്ഞ ഒന്നാണെന്ന് കെ കെ രാഗേഷ്. എല്ലാവരുമായി കൂടിയാലോചിച്ച് കൂട്ടായി ചുമതല നിർവഹിക്കാൻ സാധിക്കുമെന്ന ഉത്തമബോധ്യം തനിക്കുണ്ട്. കണ്ണൂർ ജില്ലയിലെ പാർട്ടി രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയത് സ്വാഭാവികമായി വന്നു ചേർന്ന ഒന്നല്ല. അത്തിജ്വലമായ പോരാട്ടങ്ങളാണ് കണ്ണൂർ ജില്ലയിലെ പാർട്ടിയെ രൂപപ്പെടുത്തിയത്, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം പ്രതികരിക്കുകയായിരുന്നു കെ കെ രാഗേഷ്.
ധീരരായ രക്തസാക്ഷികൾ ജീവൻ സമർപ്പിച്ചുകൊണ്ട് നടത്തിയ ചെറുത്തുനില്പിന്റെയും പോരാട്ടങ്ങളുടെയും ഉൽപ്പന്നമാണ് കണ്ണൂരിലെ പാർട്ടി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാൻ ആർഎസ്എസ് ശ്രമിക്കുമ്പോൾ കേരളത്തിൽ ആ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ ചെറുത്ത് പരാജയപ്പെടുത്തിയ ജില്ലയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടനം മുഖംമൂടിയാക്കി പാർട്ടി കേന്ദ്രങ്ങളിൽ പോലും വർഗീയത കൊണ്ടുവരുന്നു. വിശ്വാസവും വർഗീയതയും രണ്ടാണ്. ഇതിനെതിരെ പോരാടും. അത്തരം തീർഥാടനത്തിന് പിന്നിൽ വർഗീയ അജണ്ടയാണുള്ളത്. സമ്മേളനങ്ങൾ മുന്നോട്ടുവെച്ച കാര്യങ്ങൾ ഫലപ്രദമായി നിർവ്വഹിക്കും.
പാർട്ടിയിൽ തലമുറ മാറ്റത്തിന്റെ പ്രശ്നമില്ല. എല്ലാവരും ചേർന്നുള്ള പ്രവർത്തനമാണ് നടക്കുക കെ കെ രാഗേഷ് കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജി കത്ത് കൈമാറി.
മുഖ്യമന്ത്രി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തത്. എം പ്രകാശൻ, ടി വി രാജേഷ് ഉൾപ്പടെ പല പേരുകൾ ഉയർന്നു കേട്ടെങ്കിലും സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായി. പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയാണ് കെ കെ രാഗേഷ്. ഇതോടെ കണ്ണൂരിലെ പാർട്ടി തലപ്പത്തുണ്ടായത് തലമുറ മാറ്റം. പിണറായി മുതൽ താരതമ്യേന മുതിർന്ന നേതാക്കൾ കൈകാര്യം ചെയ്‌തിരുന്ന സ്ഥാനത്താണ് കെ കെ രാഗേഷിന് ഊഴം ലഭിച്ചത്. കണ്ണൂരിൻ്റെ 14 -ആം ജില്ലാ സെക്രട്ടറിയാണ് രാഗേഷ്. എംവി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിച്ചത്.12 അംഗ ജില്ലാ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. ആലക്കോട് മുൻ ഏരിയ സെക്രട്ടറി എം കരുണാകരനാണ് പുതുതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടത്
എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച കെ കെ രാഗേഷ് നിലവിൽ അഖിലേന്ത്യ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയാണ്. 2021ൽ രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചുമതലയിലേക്ക് രാഗേഷ് എത്തിയത്.
Kkrageshbites