ഇരിട്ടി: ഇരിട്ടി വള്ളിത്തോട് സ്വദേശിയുടെ മകൻ സൗദിയിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഇരിട്ടിക്കടുത്ത് വള്ളിത്തോടിലെ ആമ്പിലോത്ത് ഷംസുദ്ധീൻ്റെയും മുഹ്സിറയുടെയും മകൻ മുഹമ്മദ് ആദം (3) ആണ് സൗദിയിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മദീനയിൽ നിന്ന് മടങ്ങുന്നതിനിടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് മക്കളായ മുഹമ്മദ് അബ്ദാൻ (6), മുഹമ്മദ് ആദം (3) എന്നിവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് ബന്ധുക്കൾ അറിയിച്ചു.
ഉടൻ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇളയ കുട്ടിയായ മുഹമ്മദ് ആദം ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സൗദിയിൽ രണ്ട് വർഷത്തോളമായി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷംസുദ്ധീൻ അവധിക്ക് നാട്ടിലെത്തിയ ശേഷം 2 മാസം മുമ്പാണ് സ്വകാര്യ ഏജൻസിക്കു കീഴിൽ ഉംറ നിർവ്വഹിക്കുന്നതിനായി സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം സൗദിയിലെത്തിയത്. ഇവിടെ ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മകൻ മരണപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലുള്ള മൂത്ത മകൻ അസുഖം ഭേദമായി ആശുപത്രി വിട്ടതായും മരണപ്പെട്ട കുട്ടിയുടെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായും ബന്ധുക്കൾ അറിയിച്ചു
Died of food poisoning