ഇരിട്ടി: എടക്കാനത്ത് കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തലെ പുരയിൽ പ്രണവ് (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിഷുവിന് പൊട്ടിക്കാനായി വാങ്ങിയ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിഎത്തിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികളുണ്ടായിരുന്നെങ്കിലും വീട്ടിനുള്ളിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Youth Seriously Injured As Crackers Explode In Iritty